സ്വന്തം ലേഖകൻ: വിദേശത്തുനിന്നും അതിഥികളെ കൊണ്ടുവരാനുള്ള ‘ആതിഥേയ വിസ” സൗദിയില്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. സൗദി അറേബ്യയില്‍ നിയമപരമായി താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അതിഥികളെ കൊണ്ടുവരാനാകും. സ്ത്രീകള്‍ക്കുള്ള ‘മഹ്റം’ അസാധുവാക്കിയത് ഉംറക്കു മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു.
സൗദി അറേബ്യയില്‍ നിയമപരമായി താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവരുടെ സ്വന്തം ഉത്തരവാദിത്വത്തിലാണ് അതിഥികളെ സൗദിയിലേക്ക് കൊണ്ടുവരുവാന്‍ സാധിക്കുക. രാജ്യത്തേക്ക് അതിഥികളെ കൊണ്ടുവരുവാന്‍ വേണ്ടിയുള്ള ‘ആതിഥേയ വിസ” ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്ന് ഹജ്ജ് ഉംറ ദേശീയ സമിതി ഉപാധ്യക്ഷന്‍ അബ്ദുല്ല ഖാളി വ്യക്തമാക്കി.
അതോടൊപ്പം സ്ത്രീകള്‍ക്ക് ‘മഹ്റം’ നിര്‍ബന്ധമാണെന്ന നിയമം അസാധുവാക്കിയത് ഉംറക്ക് വരുന്നതിന് മാത്രമാണെന്നും എന്നാല്‍ ഹജ്ജിന് വേറെ ചില നടപടിക്രമങ്ങള്‍കൂടി ആവശ്യമാണെന്നും അബ്ദുല്ല ഖാളി കൂട്ടിച്ചേര്‍ത്തു. “ആതിഥേയ വിസ“യില്‍ രാജ്യത്തേക്ക് വരുന്നവര്‍ക്ക് 90 ദിവസം സൗദിയില്‍ തങ്ങുവാന്‍ സാധിക്കും. കൂടാതെ ഉംറ വിസയില്‍ വരുന്നവര്‍ക്കാവട്ടെ സൗദിയുടെ എല്ലാ ഭാഗങ്ങളിലേക്കും യാത്രചെയ്യുവാനും രാജ്യത്തെ ആഘോഷങ്ങളിലും മറ്റു പരിപാടികളിലും സംബന്ധിക്കാമെന്നും അബ്ദുല്ല ഖാളി കൂട്ടിച്ചേര്‍ത്തു.
ടൂറിസ്റ്റ് വിസയില്‍ സൗദിയിലേക്ക് വരുന്നവര്‍ക്ക് ഉംറ ചെയ്യുവാനും അനുവാദമുണ്ട്. 18 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ ഉംറക്ക് വരുമ്പോള്‍ ‘മഹ്റം’ നിര്‍ബന്ധമില്ല. എന്നാല്‍ ഹജ്ജ് കര്‍മ്മത്തിനു വരുമ്പോള്‍ ‘മഹ്റം’ നിര്‍ബന്ധമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല