സ്വന്തം ലേഖകന്‍: സൗദിയിലെ അഴിമതി വിരുദ്ധ വേട്ടയ്ക്ക് തുരങ്കം വക്കാന്‍ ശ്രമം, അറസ്റ്റിലായ സമ്പന്നരേയും പ്രമുഖരേയും പണം വാങ്ങി വിട്ടയക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. അന്വേഷണത്തില്‍ തടവിലാക്കിയ രാജകുടുംബാംഗങ്ങളും ബിസിനസുകാരും അടക്കമുള്ള ഉന്നതരെ പണം വാങ്ങി വിട്ടയയ്ക്കാനുള്ള നീക്കം സജീവമാണെന്നും ഇവരില്‍ ചിലരുമായി ഭരണകൂടം ധാരണകളുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കാബിനറ്റ് മന്ത്രിമാരും ബിസിനസുകാരുമൊക്കെയാണ് റിയാദിലെ റിറ്റ്‌സ് ഹോട്ടലില്‍ തടവിലാക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സന്പന്നരില്‍പ്പെടുന്ന അല്‍വാലിദ് രാജകുമാരന്‍, മുഹമ്മദ് അല്‍ അമൗദി, സലേ കമല്‍ തുടങ്ങിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. പണമോ, ഓഹരികളോ വാങ്ങിയ ശേഷം സ്വതന്ത്രരാക്കാനുള്ള നടപടികളാണ് നടക്കുന്നതെന്ന് ചില ഉന്നത വൃത്തങ്ങള്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു ബിസിനസുകാരന്റെ അക്കൗണ്ടില്‍നിന്ന് കോടിക്കണക്കിനു റിയാല്‍ പിന്‍വലിക്കപ്പെട്ടതായും മറ്റൊരു ബിസിനസുകാരന്‍ 400 കോടി റിയാലിന്റെ ഓഹരി കൈമാറാന്‍ സമ്മതിച്ചതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. എല്ലാവരും ചേര്‍ന്ന് അനധികൃതമായി 10,000 കോടി ഡോളര്‍ സമ്പാദിച്ചുവെന്നാണ് സൗദി ഭരണകൂടം കണക്കുകൂട്ടുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് 208 പേരെ ഇതുവരെ ചോദ്യം ചെയ്തു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധികാരം ഉറപ്പിക്കാന്‍കൂടി ലക്ഷ്യമിട്ടാണ് അഴിമതി വിരുദ്ധ വേട്ടയെന്നും വാര്‍ത്തകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല