സ്വന്തം ലേഖകന്‍: മതനിന്ദ ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സൗദി യുവാവിന്റെ പ്രശ്‌നത്തില്‍ ഇടപെട്ട സ്വീഡന് സൗദി അറേബ്യയുടെ ചുട്ട മറുപടി. പ്രശ്‌നത്തില്‍ വിവാദ പ്രസ്താവന നടത്തിയ സ്വീഡിഷ് വിദേശ മന്ത്രിയുടെ നടപടി അനൗചിത്യമായെന്ന് സൗദി മന്ത്രിസഭ പ്രമേയം പാസാക്കുകയും ചെയ്തു.
ലോകത്തിലെ എല്ലാ മുസ്ലിങ്ങളും പിന്തുടരുന്ന ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ യാതൊരു തരത്തിലുള്ള വിലപേശലും സാധ്യമല്ലെന്നും സൗദി വ്യക്തമാക്കി. മുസ്ലിം രാജ്യങ്ങളിലെ നിയമ സംവിധാനങ്ങളെ കുറിച്ചും ആചാര രീതികളെ കുറിച്ചും അനവസരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുന്നത് രാഷ്ട്രീയ ലക്ഷ്യമുള്ളവരാണ്.
അനാവശ്യ വിവാദമുണ്ടാക്കുന്നവര്‍ നയതന്ത്ര ബന്ധങ്ങള്‍ക്കും അന്താരാഷ്ട്ര മൂല്യങ്ങള്‍ക്കും വിരുദ്ധമായാണു പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രിസഭ ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ നീതിന്യായ സംവിധാനം സ്വതന്ത്ര്യവും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതും ബഹുമാനിക്കുന്നതുമാണ്. നീതിന്യായ സംവിധാനം ശരിയത്തിന്റെ ചട്ടക്കൂടിന് അകത്തു നിന്നു കൊണ്ട് വ്യക്തിയുടെ ആവിഷ്‌ക്കാര, അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നതാണ്.
ഇസ്ലാം മതം എന്താണെന്ന് സൗദിയെ സ്വീഡന്‍ പഠിപ്പിക്കേണ്ട എന്നാണ് സൗദിയുടെ അന്ത്യശാസനം. മാത്രമല്ല പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ പറഞ്ഞു പരത്തുന്നതില്‍ നിന്ന് വിഭിന്നമായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ നീതി നല്‍കുന്നതാണെന്നും സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗം പ്രഖ്യാപിച്ചു. നേരത്തെ സ്വീഡനില്‍ നിന്നും തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിച്ചാണ് സൗദി സ്വീഡിഷ് മന്ത്രിയുടെ സൗദി വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല