സ്വന്തം ലേഖകൻ: സൌദി എണ്ണകേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വിദഗ്ധ സമിതിയുടെ റിപ്പോർട്ട് നിർണായമാകും. ഇറാൻ നിർമിത ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന ആരോപണം ശക്തമാണെങ്കിലും അവയുടെ വിക്ഷേപണം എവിടെ നിന്നാണെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. അതേ സമയം ഇറാനെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് പെന്റഗണ്‍ നേതൃത്വവും ഇരുട്ടിൽ തപ്പുകയാണ്.
ആസൂത്രിതവും വൈദഗ്ധ്യവും ആക്രമണത്തിനു പിന്നിൽ വ്യക്തമാണ്. ഡ്രോണുകൾ ലക്ഷ്യസ്ഥാനങ്ങളിൽ വലിയ തകർച്ച തന്നെ ഉണ്ടാക്കി. അതുകൊണ്ടാണ് ഹൂത്തികൾക്കപ്പുറം ഇറാന്റെ കരങ്ങൾ ആക്രമണത്തിനു പിന്നിലുണ്ടെന്ന് സ്ഥാപിക്കാൻ സൗദിയെയും അമേരിക്കയെയും പ്രേരിപ്പിക്കുന്നത്. ഫ്രാൻസ് ഉൾപ്പെടെയുള്ള പല ലോക രാജ്യങ്ങളും അന്വേഷണ പ്രക്രിയയിൽ ഭാഗമാണ്. ഇറാൻ നിർമിത ഡ്രോണുകൾ എന്നതു കൊണ്ടു മാത്രം യു.എൻ പോലുള്ള ഏജൻസികൾക്ക് തീർപ്പിലെത്താൻ പറ്റില്ല.
ഇറാനിൽ നിന്നോ അതല്ലെങ്കിൽ ഇറാഖിൽ നിന്നോ ആണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് തെളിവുകളൂടെ ബലത്തിൽ സ്ഥാപിക്കണം. എങ്കിൽ മാത്രമേ അന്താരാഷ്ട്ര സമൂഹം പിന്തുണക്കൂ. ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽെക്ക, പ്രബലമായ തെളിവുകളിലൂടെ അതിനെ പ്രതിരോധിക്കേണ്ടി വരും. ഫ്രാൻസിന്റെ സൈനിക വിദഗ്ധരുടെ കണ്ടെത്തൽ ഇതിൽ നിർണായകമായിരിക്കും.
ഇറാൻ നാഷനൽ ബാങ്കിനു മേൽ പുതുതായി അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. തകർന്ന സമ്പദ്ഘടനക്ക് ഇത് കൂടുതൽ ആഘാതമാകും. എന്നാൽ നീണ്ടുനിൽക്കുന്ന യുദ്ധത്തിലേക്ക് കാര്യങ്ങൾ കൈവിട്ടു പോകരുതെന്നുണ്ട് ട്രംപിന്. ഉപരോധവും സൈബർ ആക്രമണവും അന്താരാഷ്ട്ര സമ്മർദവും രൂപപ്പെടുത്തി ഇറാനെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് കരുക്കൾ നീങ്ങുന്നത്. പെൻറഗൺ നേതൃത്വവും ട്രംപും തമ്മിൽ ആശയവിനിമയം തുടരുകയാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല