സ്വന്തം ലേഖകൻ: ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന ബസിൽ ട്രെയ്‌ലർ ഇടിച്ച് പാക്കിസ്ഥാൻ സ്വദേശി മരിച്ചു, 10 മലയാളികൾക്ക് പരുക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവർ മലപ്പുറം പുലാമന്തോൾ സ്വദേശി അബൂബക്കർ സിദ്ദിഖ് തായിഫിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലും തീർഥാടകനായ തൃശൂർ മംഗലംകുന്ന് സ്വദേശി സെയ്ദാലി അബൂബക്കർ കിങ് ഫൈസൽ ആശുപത്രിയിലും ചികിത്സയിലാണ്.
ബാക്കിയുള്ളവരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. തായിഫ്-റിയാദ് ഹൈവേയിൽ അൽമോയയ്ക്കു സമീപമായിരുന്നു അപകടം. ട്രെയ്‌ലർ ഡ്രൈവറാണ് മരിച്ചത്. ദമാമിലേക്കു മടങ്ങുന്നതിനിടെ, വിശ്രമത്തിനായി നിർത്തിയിട്ടിരിക്കുന്ന ബസിന് പിന്നിലാണ് ട്രെയ്‌ലർ ഇടിച്ചത്.
അതിനിടെ നേരത്തെ 35 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ ബസിനുള്ളില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം. അപകടത്തില്‍ ഏഴ് ഇന്ത്യക്കാരും മരിച്ചതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 35 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പെട്ട ബസില്‍ ഏഴ് ഇന്ത്യക്കാരുണ്ടായിരുന്നതായാണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചത്.
മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ പരിശോധനകള്‍ക്കു ശേഷമായിരിക്കും മരണം സ്ഥിരീകരിക്കുക. യു.പി സ്വദേശികളായ അഞ്ചു പേര്‍, ബിഹാര്‍, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ടുപേരുടെയും വിവരങ്ങള്‍ കോണ്‍സുലേറ്റ് സൗദി അധികൃതര്‍ക്കു കൈമാറി. പരിക്കേറ്റ രണ്ടുപേര്‍ക്ക് എല്ലാ സഹായവും ഏര്‍പ്പാടാക്കിയതായി കോണ്‍സുലേറ്റ് വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ടാണ് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മദീനയ്ക്കു സമീപം അപകടത്തില്‍പ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല