സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു, ഒപ്പമുണ്ടായിരുന്ന നാലു മലയാളികള്‍ക്ക് പരുക്ക്. റിയാദിനടുത്തു മറാത്ത് ദുര്‍മ റോഡില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടത്. തൃശൂര്‍ കുന്നംകുളം കൊട്ടിലിങ്കത്ത് തിലകന്‍ (48 ), ആലപ്പുഴ കായംകുളം സ്വദേശി എന്‍ ഓമനക്കുട്ടന്‍ (45 ) എന്നിവരാണ് മരിച്ചത്.
ഇവരും ഒപ്പമുണ്ടായിരുന്ന മലയാളികളും സഞ്ചരിച്ച പ്രാഡോ ടയര്‍ പൊട്ടിത്തെറിച്ച് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു മലക്കം മറിയുകയായിരുന്നു. തിലകനായിരുന്നു അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന മാന്നാര്‍ സ്വദേശി ബാബു വര്‍ഗീസ്, കുട്ടനാട് സ്വദേശി ടോം മാത്യു, തൃശൂര്‍ സ്വദേശികളായ വിജയന്‍, മനോജ് എന്നിവര്‍ക്ക് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ മറാത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ ജീവനക്കാരായ ഇവര്‍ ദുര്‍മയിലെ സൗദി ഇലക്ട്രിക്കല്‍ കമ്പനിയുടെ സൈറ്റില്‍ അറ്റകുറ്റപ്പണിക്ക് പോയി തിരിച്ചുവരുമ്പോഴായിരുന്നു അത്യാഹിതം. കൊല്ലപ്പെട്ടവരുടെ നാട്ടിലെ ബന്ധക്കളുമായി ബന്ധപ്പെട്ടുവരികയാണെന്ന് കമ്പനി സുഹൃത്തുക്കള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല