സ്വന്തം ലേഖകൻ: സൗദിയിൽ സുരക്ഷാ നിരീക്ഷണ ക്യാമറ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കും പുറത്ത് വിടുന്നവർക്കും ഇരുപതിനായിരം റിയാൽ പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാത്തവർക്കും പിഴ ലഭിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
രാജ്യത്തെ വ്യക്തികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതാണ് പുതിയ വ്യവസ്ഥകൾ. അനധികൃതമായി സിസിടിവി ദൃശ്യങ്ങൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ ഇരുപതിനായിരം റിയാൽ പിഴ നൽകേണ്ടിവരും. ദൃശ്യങ്ങൾ നശിപ്പിച്ചാലും ഇതേ പിഴ നൽകണം. കൂടാതെ ക്യാമറകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും വ്യവസ്ഥകൾ പ്രഖ്യാപിച്ചു.
പൊതു സ്ഥലങ്ങളിലെ ക്യാമറകളും ഉപകരണങ്ങളും നശിപ്പിച്ചാൽ ഇരുപതിനായിരം റിയാലാണ് പിഴ. നിരോധിക്കപ്പെട്ട സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചാൽ പതിനായിരം റിയാൽ പിഴ ലഭിക്കും. കൂടാതെ നിശ്ചിത കാലയളവിലെ ദൃശ്യങ്ങൾ സ്ഥാപന ഉടമകൾ നിർബന്ധമായും സൂക്ഷിക്കണം. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് അയ്യായിരം റിയാൽ പിഴ നൽകേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല