സ്വന്തം ലേഖകൻ: സൗദിയില്‍ വാണിജ്യ സ്ഥാപനങ്ങളിലെയും മറ്റു പൊതുസ്ഥലങ്ങളിലെയും സുരക്ഷാ ക്യാമറ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പരസ്യപ്പെടുത്തിയാല്‍ 20,000 റിയാല്‍ (ഏകദേശം 4.42 ലക്ഷം രൂപ) പിഴ ചുമത്തും. സെക്യൂരിറ്റി ക്യാമറയുടെ ഉപയോഗം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളും സംബന്ധിച്ച വിശദീകരണത്തിലാണ് ഈ മുന്നറിയിപ്പ്.
സുരക്ഷാ ക്യാമറ റെക്കോഡിങുകള്‍ അനുവാദമില്ലാതെ മറ്റുള്ളവര്‍ക്ക് കൈമാറാനോ പ്രസിദ്ധീകരിക്കാനോ പാടില്ല. റെക്കോര്‍ഡിങുകള്‍ നശിപ്പിച്ചതായി കണ്ടെത്തിയാലും 20,000 റിയാല്‍ പിഴ ഈടാക്കാം. സെക്യൂരിറ്റി ക്യമാറ നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ നടപ്പാക്കിത്തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു.
സിസിടിവി ക്യാമറ നിരീക്ഷണത്തിലാണെന്ന് സൂചിപ്പിക്കുന്ന അറിയിപ്പോ ബോര്‍ഡോ സ്ഥാപിച്ചില്ലെങ്കില്‍ 1000 റിയാല്‍ പിഴ 1000 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് ട്രാഫിക് ഡിപാര്‍ട്ട്മെന്റ് (മുറൂര്‍) അറിയിച്ചു. പിഴ ചുമത്തപ്പെട്ട വ്യക്തിക്കോ സ്ഥാപനത്തിനോ 60 ദിവസത്തിനുള്ളില്‍ അഡ്മിനിസ്ട്രേറ്റീവ് കോടതിയില്‍ പരാതി സമര്‍പ്പിക്കാമെന്നും സൗദി മുറൂര്‍ എക്‌സ് അക്കൗണ്ടില്‍ വ്യക്തമാക്കി.
സെക്യൂരിറ്റി ക്യമറകള്‍ സ്ഥാപിക്കാത്തതിനു ക്യാമറയൊന്നിന് ആയിരം റിയാലെന്ന തോതിലാണ് പിഴ. വ്യാപാര കോംപ്ലക്സുകള്‍, മെഡിക്കല്‍ സെന്ററുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, നഗരമദ്ധ്യത്തിലെ സര്‍ക്കിളുകളും ക്രോസിംഗുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കാറ്ററിങ് കമ്പനികള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഇതു സംബന്ധിച്ച് നിയമം വ്യക്തമാക്കുന്നു.
സിസിടിവി ക്യാമറകള്‍ക്ക് വ്യവസ്ഥ പ്രകാരമുള്ള സാങ്കേതിക ആവശ്യകതകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 500 റിയാല്‍ പിഴ ഈടാക്കും. സുരക്ഷാ ക്യാമറ മാന്വലിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി സജ്ജീകരിച്ചില്ലെങ്കില്‍ ഓരോ ക്യാമറയ്ക്കും 1000 റിയാല്‍ തോതിലാണ് പിഴ. വീഡിയോ റെക്കോര്‍ഡിംഗുകള്‍ 90 ദിവസത്തേക്ക് സൂക്ഷിക്കാതിരുന്നാല്‍ 5,000 റിയാല്‍ പിഴ ചുമത്തും.
അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ പാടില്ല. സ്വകാര്യവിശ്രമ കേന്ദ്രങ്ങള്‍, ആശുപത്രി ഐസിയുകള്‍, ഓപറേഷന്‍ തീയേറ്ററുകള്‍, പ്രകൃതിചികിത്സാ കേന്ദ്രങ്ങള്‍, ടെക്സ്റ്റയില്‍സുകളിലെയും തുന്നല്‍ കേന്ദ്രങ്ങളിലെയും വസ്ത്രങ്ങള്‍ മാറിയുടുക്കുന്നതിനുള്ള സ്ഥലങ്ങള്‍, എന്നിവിടങ്ങളിലൊന്നും ക്യാമറകള്‍ സ്ഥാപിക്കരുത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല