1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2023

സ്വന്തം ലേഖകൻ: ബഹുരാഷ്ട്ര കമ്പനികളുടെ റീജ്യനല്‍ ആസ്ഥാനങ്ങള്‍ സൗദി അറേബ്യയിലേക്ക് മാറ്റാത്ത കമ്പനികള്‍ക്ക് അടുത്ത ജനുവരി സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ അനുവദിക്കില്ല. ആസ്ഥാനങ്ങള്‍ മാറ്റാന്‍ അനുവദിച്ച സമയപരിധി ജനുവരിയില്‍ അവസാനിക്കുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു.

മൂന്നു വര്‍ഷം മുമ്പാണ് റീജ്യനല്‍ ആസ്ഥാനങ്ങള്‍ റിയാദിലേക്ക് മാറ്റണമെന്ന് അധികൃതര്‍ നിര്‍ദേശം പുറപ്പെടുവിച്ചത്. 2024 ജനുവരിയോടെ റീജ്യനല്‍ ആസ്ഥാനങ്ങള്‍ സൗദിയിലേക്ക് മാറ്റാത്ത ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകള്‍ അനുവദിക്കുന്നത് നിര്‍ത്താനാണ് തീരുമാനം. ഇതു സംബന്ധിച്ച് 2021 ഫെബ്രുവരിയില്‍ തന്നെ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍, റീജ്യനല്‍ ആസ്ഥാനങ്ങള്‍ സൗദിയിലേക്ക് മാറ്റാത്ത ബഹുരാഷ്ട്ര കമ്പനികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാവില്ല. സൗദിയിലെ സ്വകാര്യ കമ്പനികളുമായും സ്ഥാപനങ്ങളുമായും തുടര്‍ന്നും സഹകരിക്കാവുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളുടെയും മറ്റും കരാറുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്നതിനോ സൗദിയില്‍ ആസ്ഥാനങ്ങളോ റീജ്യനല്‍ ആസ്ഥാനങ്ങളോ ഉള്ള കമ്പനികളില്‍ നിന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട ഉപകരാറുകള്‍ ഏറ്റെടുക്കുന്നതിനോ തടസമുണ്ടാവില്ല.

പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും വൈവിധ്യവത്കരിക്കുകയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനാണ് ഈ വ്യവസ്ഥ കൊണ്ടുവന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. സൗദി വിഷന്‍ 2030ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണിത്. ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ തുടരുകയാണ്. സൗദി സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും സ്വദേശികളെ ശാക്തീകരിക്കാനും നിരവധി സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയതായും മന്ത്രി ചൂണ്ടിക്കാട്ടി.

പെട്രോളിതര വരുമാന വര്‍ധനവും സാമ്പത്തിക വൈവിധ്യവത്കരണവുമാണ് സൗദി വിഷന്‍ 2030ന്റെ ഏറ്റവും പ്രധാന ലക്ഷ്യം. പെട്രോളിതര ആഭ്യന്തരോല്‍പാദനം വലിയ വളര്‍ച്ച കൈവരിച്ചു. ഇത് വരും കാലങ്ങളിലും തുടരും. രണ്ടു വര്‍ഷത്തിനിടെ സ്വകാര്യ കമ്പനികളില്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് നിക്ഷേപം 300 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

ബ്രിക്‌സ് ഗ്രൂപ്പില്‍ ചേരാന്‍ രാജ്യത്തിന് ലഭിച്ച ക്ഷണം സ്വീകരിക്കുന്നതില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ക്ഷണം സ്വീകരിക്കുകയാണെങ്കില്‍ എന്നു മുതല്‍ ഗ്രൂപ്പില്‍ അംഗമാവണമെന്ന കാര്യവും പിന്നീട് അറിയിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.