സ്വന്തം ലേഖകൻ: ഒരു വർഷത്തിലേറെ നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടൽ അതിർത്തികൾ ഇന്ന് തുറന്നു. കോവിഡ് വാക്സീന്റെ രണ്ടു ഡോസും എടുത്തവർക്കും യാത്രയ്ക്ക് രണ്ടാഴ്ച മുൻപെങ്കിലും ഒരു ഡോസ് വാക്സീന് എടുത്തവർക്കും, ആറു മാസത്തിനുള്ളിൽ കോവിഡ് മുക്തരായവർക്കും രാജ്യത്തേക്ക് പ്രവേശിക്കാം. ആരോഗ്യ ഇൻഷുറൻസുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും യാത്ര ചെയ്യാം.
ഫൈസർ/ബയോടെക്, അസ്ട്രസെനക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് അംഗീകരിച്ച വാക്സീനുകൾ. ടൂറിസ്റ്റ് വീസയുള്ള സൗദി ഇതര പൗരന്മാർക്ക് യാത്രയ്ക്ക് അനുവാദമില്ല. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് പിസിആർ പരിശോധന നിർബന്ധമാണ്. എട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പിസിആർ പരിശോധന നടത്തേണ്ടതില്ല.
യു.എ.ഇ., കുവൈത്ത്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വിമാനസർവീസുണ്ടാകും. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരാണ് സൗദി യാത്രാ വിലക്കേർപ്പെടുത്തിയതോടെ നാട്ടിൽ കുടുങ്ങിയത്. 2020 മാർച്ചിൽ കോവിഡ് മഹാമാരി ആരംഭിച്ചതു മുതൽ രാജ്യത്തിലേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രിച്ചിരുന്നു. നയതന്ത്രജ്ഞർ ഉൾപ്പെടെ ചില വിഭാഗക്കാരെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഇന്ത്യ അടക്കമുള്ള 20-ഓളം രാജ്യങ്ങളിലെ പൗരന്മാര്ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുവാന്‍ നിലവില്‍ വിലക്കുണ്ട്. സൗദി വിലക്കേര്‍പ്പെടുത്താത്ത രാജ്യങ്ങളിലേതെങ്കിലും ഒരിടത്ത് 14 ദിവസം ക്വാറന്‍ന്റെനില്‍ കഴിഞ്ഞാലാണ് ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശിക്കുവാനാവുക.
തിങ്കളാഴ്ച പുലര്‍ച്ചെ സൗദി അറേബ്യ അതിര്‍ത്തികള്‍ തുറക്കുകയും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പിന്‍വലിക്കുകയും ചെയ്താല്‍, സൗദി ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശനത്തിന് വിലക്ക് തുടര്‍ന്നാലും യു.എ.ഇ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ വഴി താമസിയാതെ തങ്ങള്‍ക്ക് സൗദിയിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാരായ പ്രവാസികള്‍.
സർവിസുകൾ നടത്താനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയതായി ദേശീയ വിമാനക്കമ്പനിയായ സൗദിയ അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 95 വിമാനത്താവളങ്ങളിൽ നിന്നായി 71 സർവിസുകളാണ് ആദ്യഘട്ടത്തിൽ സൗദിയ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ 28 എണ്ണം ആഭ്യന്തര സർവിസുകളും 43 എണ്ണം അന്താരാഷ്ട്ര സർവിസുകളുമാണ്. കോവിഡ് മഹാമാരി ആരംഭിച്ചതുമുതൽ ഇതുവരെ ഏകദേശം ഒരു കോടി യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തെത്തിച്ചതായി സൗദിയ അറിയിച്ചു.
കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി അന്താരാഷ്ട്ര സർവിസ് നടത്തുന്ന വിമാനങ്ങളിൽ യാത്രക്കാരുടെ ഇടയിൽ സീറ്റുകൾ ഒഴിച്ചിടുന്ന രീതി ഉണ്ടാകില്ലെന്ന് സൗദിയ പ്രസ്താവനയിൽ പറഞ്ഞു. കോവിഡിനെതിരെയുള്ള സുരക്ഷക്ക് ഈ രീതി പര്യാപ്തമല്ലെന്നും എന്നാൽ ഇത് ടിക്കറ്റ് വിലവർധനക്ക് കാരണമാക്കും എന്നതുകൊണ്ടും അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) ഇങ്ങനെയുള്ള രീതി അംഗീകരിക്കുന്നില്ല എന്നതിനാലാണ് തങ്ങളും ഇങ്ങനെ തീരുമാനിച്ചതെന്ന് സൗദിയ അറിയിച്ചു.
എന്നാൽ, മാസ്ക് ധരിക്കുന്നതും ആവശ്യമായ മറ്റ് ആരോഗ്യ പ്രോട്ടോകോളുകളും ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കാൻ സൗദിയ യാത്രക്കാരോട് ആവശ്യപ്പെട്ടു. അതേസമയം, യാത്രാ വിലക്ക് ഒഴിവാകുന്നതോടെ തിങ്കളാഴ്ച സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങൾ വഴി 385 അന്താരാഷ്ട്ര വിമാന സർവിസുകൾ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജി.എ.സി.എ) അറിയിച്ചു. രാജ്യത്തും വിദേശത്തുമുള്ള വിവിധ വിമാനക്കമ്പനികൾ ചേർന്നാണ് ഇത്രയും സർവിസുകൾ നടത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല