സ്വന്തം ലേഖകൻ: സൗദിയിലെ പ്രവാസികള്‍ക്ക് കൊറോണയുടെ പശ്ചാത്തലത്തില്‍ നാട്ടില്‍നിന്നും തിരികെ പാകാനാവാത്തവര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യ അടക്കമുള്ള, നിലവില്‍ സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ വിദേശികളുടെ ഇഖാമയും, റീ-എന്‍ട്രി വിസയും സൗദി അറേബ്യ ദീര്‍ഘിപ്പിച്ചു നല്‍കുന്നു.
നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റെറുമായി സഹകരിച്ചാണ് ഇക്കാമയും റീ എന്‍ട്രിയും ദീര്‍ഘിപ്പിച്ചു നല്‍കുന്നത്. സൗദി പാസ്പോര്‍ട്ട് വിഭാഗം ഇക്കാര്യം സഥിരീകരിച്ചിട്ടുണ്ട്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അഭ്യര്‍ത്ഥയെ തുടര്‍ന്നാണ് ജൂലൈ 31 വരെ കാലാവധി ദീര്‍ഘിപ്പിക്കുന്നത്. ഫെബ്രുവരി രണ്ടിന് സൗദി ആഭ്യന്തര മന്ത്രാലയം യാത്രാ വിലക്ക് പ്രഖ്യാപിച്ച 20 രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക.
ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്സിറ്റ് റീ-എൻട്രി വിസ, സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക. രേഖകൾ പുതുക്കാനാവശ്യമായ ചെലവുകൾ ധനകാര്യ മന്ത്രാലയം വഹിക്കും.
പാസ്പോർട്ട് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ നാഷനൽ ഇൻഫർമേഷൻ സെന്‍ററുമായി സഹകരിച്ച് രേഖകളുടെ പുതുക്കൽ സ്വമേധേയാ പൂർത്തിയാക്കും. നിലവിൽ കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്. രേഖകളുടെ കാലാവധി ജൂൺ രണ്ട് വരെ പുതുക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പ് സൽമാൻ രാജാവിന്റെ ഉത്തരവ് വന്നെങ്കിലും ആരുടേയും രേഖകൾ പുതുക്കി ലഭിച്ചിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല