1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2021

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ വാക്‌സിനേഷനില്‍ നിര്‍ണായക നേട്ടവുമായി സൗദി അറേബ്യ. 35 ദശലക്ഷം വരുന്ന സൗദി ജനസംഖ്യയുടെ 70 ശതമാനത്തിലേറെ പേര്‍ പൂര്‍ണമായി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സൗദി ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജില്‍ അറിയിച്ചു. ഇതിലൂടെ സാമൂഹിക പ്രതിരോധ ശേഷി ആര്‍ജിക്കാന്‍ സൗദിക്ക് സാധിച്ചു. എന്നാല്‍ കൊവിഡ് മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കൊവിഡിന്റെ വ്യാപനം നിയന്ത്രണാതീതമാണെന്നു കരുതി ബൂസ്റ്റര്‍ ഡോസ് എടുക്കുന്ന കാര്യത്തില്‍ ഉപേക്ഷ പാടില്ലെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. രണ്ടാം ഡോസ് എടുത്ത് ആറ് മാസം പിന്നിട്ട മുഴുവന്‍ ആളുകളും ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് എടുക്കണം. രാജ്യത്തിന്റെ കോവിഡിനെതിരായ പ്രതിരോധം ശക്തമാക്കാനും ജനങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷം തിരികെ കൊണ്ടുവരാനും ഇത് അനിവാര്യമാണ്.

ചെറിയ വിഭാഗം ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാവുന്ന അശ്രദ്ധ സമൂഹം കൂട്ടായി ആര്‍ജിച്ചെടുത്ത നേട്ടങ്ങളെയെല്ലാം ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ ഭാഗത്തു നിന്നുണ്ടാവുന്ന ചെറിയ വീഴ്ചകള്‍ പോലും കൊവിഡിന്റെ മറ്റൊരു തരംഗത്തിന് കാരണമായേക്കാം. അത്തരമൊരു സാഹചര്യം ഉണ്ടാവരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, അഞ്ച് വയസ്സിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ അനുമതി. ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുക. ഇതുമായി ബന്ധപ്പെട്ട് ഫൈസര്‍ കമ്പനി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കുട്ടികളില്‍ നടത്തിയ ക്ലിനിക്കല്‍ പരിശോധനകളില്‍ വാക്‌സിന്‍ ഈ പ്രായക്കാരിലും ഫലപ്രദവും സുരക്ഷിതവുമാണെന്ന് കണ്ടെത്തിയിരുന്നു.

മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിനായി സൗദി അതോറിറ്റി ആദ്യം അംഗീകരിച്ചതും ഫൈസര്‍ വാക്‌സിനായിരുന്നു. 2020 ഡിസംബര്‍ 10നായിരുന്നു ഇത്. പിന്നീടാണ് ഓക്‌സ്‌ഫോഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മൊഡേണ എന്നീ വാക്‌സിനുകള്‍ക്ക് സൗദി അംഗീകാരം നല്‍കിയത്. രാജ്യത്ത് ഇതിനകം 46.17 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായാണ് കണക്കുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.