സ്വന്തം ലേഖകന്‍: ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ തങ്ങളും ആണവായുധ നിര്‍മാണത്തിനു മടിക്കില്ലെന്ന് സൗദി. ആണവായുധം വേണമെന്ന് സൗദിക്ക് ആഗ്രഹമില്ലെങ്കിലും ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ മടിച്ചുനില്‍ക്കാതെ ആണവായുധം നിര്‍മിക്കുമെന്നാണ് പ്രഖ്യാപനം. സിബിഎസ്സിനു നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തില്‍ സൗദിയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഞായറാഴ്ച സിബിഎസ് സംപ്രേഷണം ചെയ്യും.
ഈ മാസം 19 ന് യുഎസ് സന്ദര്‍ശിക്കാനിരിക്കെയാണ് രാജകുമാരന്റെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. നിലവില്‍ അദ്ദേഹം ബ്രിട്ടനില്‍ സന്ദര്‍ശനം നടത്തിവരികയാണ്. ‘ഏതെങ്കിലും തരത്തിലുള്ള ആണവായുധം വേണമെന്ന് സൗദി അറേബ്യയ്ക്ക് ആഗ്രഹമില്ല. എന്നാല്‍, ഇറാന്‍ ആണവായുധം നിര്‍മിക്കുന്ന പക്ഷം യാതൊരു സംശയവും വേണ്ട, ആണവായുധ നിര്‍മാണത്തിനു വേണ്ട നടപടികള്‍ സൗദിയും സ്വീകരിക്കും,’ അഭിമുഖത്തില്‍ രാജകുമാരന്‍ വ്യക്തമാക്കി.
ആണവ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവുമായി മുന്നോട്ടുപോകുന്ന ഇറാനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് സൗദി, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ അടുത്തിടെ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍ ആണവായുധ നിര്‍മാണവുമായി മുന്നോട്ടു പോയാല്‍ അതേവഴി തേടുമെന്ന സൗദിയുടെ മുന്നറിയിപ്പ്. സൗദിയും ഇറാനുമായുള്ള ഉഭയകക്ഷി ബന്ധം അടുത്തിടെയായി വളരെ മോശമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല