1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2023

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികളെ സ്വന്തം പൗരന്‍മാരെപോലെയാണ് പരിഗണിക്കുന്നതെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തിയെ കിരീടവകാശി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യക്കാരുടെ ക്ഷേമം വര്‍ധിപ്പിക്കുന്നതില്‍ കിരീടാവകാശി നടത്തിയ ശ്രമങ്ങള്‍ക്ക് യോഗത്തില്‍ നരേന്ദ്ര മോദി നന്ദി അറിയിക്കുകയും ചെയ്തു.

സൗദി ജനസംഖ്യയുടെ ഏഴ് ശതമാനം ഇന്ത്യന്‍ വംശജരാണെന്നും അവരെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശി വ്യക്തമാക്കി. ഞങ്ങള്‍ അവരെ സൗദി അറേബ്യയുടെ ഭാഗമായി കണക്കാക്കുന്നു. സ്വന്തം പൗരന്മാരെ പരിപാലിക്കുന്നതുപോലെ ഞങ്ങള്‍ അവരെ നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

സൗദിയും ഇന്ത്യയും തമ്മില്‍ ചരിത്രത്തിലുടനീളം വളരെ നല്ല ബന്ധമാണുള്ളതെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. നാളിതുവരെ ഒരു അഭിപ്രായവ്യത്യാസവും ഇരുരാജ്യങ്ങളും തമ്മിലുണ്ടായിട്ടില്ലെന്നും സമൃദ്ധമായ ഭാവി കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിട്ടുള്ള സഹകരണവും സുസ്ഥിരമായ ബന്ധവും എക്കാലത്തും കാണാനാവുമെന്നും ഇത് തുടരാന്‍ രാജ്യം ആഗ്രഹിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ഇന്ത്യയും സൗദിയും തമ്മില്‍ ദേശീയ കറന്‍സിയില്‍ വ്യാപാരം നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനായി ഇന്നലെ കൂടിയാലോചന നടത്തുകയും നിര്‍ദേശങ്ങള്‍ കൈമാറുകയും ചെയ്തതായി മന്ത്രാലയ സെക്രട്ടറി ഔസാഫ് സയീദ് വെളിപ്പെടുത്തി. ഉഭയകക്ഷി വ്യാപാരം സൗദി റിയാലിലും ഇന്ത്യന്‍ രൂപയിലും നടത്തുന്നത് വൈകാതെ യാഥാര്‍ത്ഥ്യമാവുമെന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി ഇതേരൂപത്തിലുള്ള കരാര്‍ ഇന്ത്യ ഉണ്ടാക്കിയിട്ടുണ്ടെന്നും ഔസാഫ് സയീദ് വിശദീകരിച്ചു.

എണ്ണ വ്യാപാരം ഉള്‍പ്പെടെ രൂപയില്‍ നടത്തുന്നത് ഡോളറിന്റെ മേല്‍ക്കോയ്മ കുറച്ചുകൊണ്ടുവരാന്‍ ഉപകരിക്കുകയും രൂപയുടെയും റിയാലിന്റെയും കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യും. ഇന്ത്യയും യുഎഇയും ദേശീയ കറന്‍സിയില്‍ അടുത്തിടെ വ്യാപാരം ആരംഭിച്ചിരുന്നു. അന്താരാഷ്ട്ര ഇടപാടുകളില്‍ രൂപയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ കാര്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും 22 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ബാങ്കുകളുമായി സഹകരിച്ച് ദേശീയ കറന്‍സികളുടെ വ്യാപാരം സുഗമമാക്കാന്‍ നടപടി സ്വീകരിച്ചതായും ഔസാഫ് സയീദ് വ്യക്തമാക്കി.

18 രാജ്യങ്ങളില്‍ നിന്നുള്ള ബാങ്കുകള്‍ക്ക് ഇന്ത്യന്‍ രൂപയില്‍ പേയ്‌മെന്റുകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക വോസ്‌ട്രോ റുപ്പി അക്കൗണ്ടുകള്‍ (എസ്‌വിആര്‍എ) തുറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമതി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ രാജ്യസഭയിലും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.