![](https://www.nrimalayalee.com/wp-content/uploads/2021/12/Saudi-Crown-Prince-Kuwait-Visit.png)
സ്വന്തം ലേഖകൻ: ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി രാജ്യത്തെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഊഷ്മള സ്വീകരണം ഒരുക്കി കുവൈത്ത്. കുവൈത്ത് കിരീടാവകാശി ശെയ്ഖ് മിഷ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള ഉന്നത ഭരണ നേതൃത്വം വിമാനത്താവളത്തില്‍ എത്തി അദ്ദേഹത്തെ സ്വീകരിച്ചു. നാഷണല്‍ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അലി അല്‍ ഗാനിം, ക്രൗണ്‍ പ്രിന്‍സ് ദിവാന്‍ തലവന്‍ അഹ്മദ് അല്‍ അബ്ദുല്ല അല്‍ അഹ്മദ് അല്‍ സബാഹ്, പ്രധാനമന്ത്രി ശെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, തുടങ്ങിയ മുതിര്‍ന്ന നേതാക്കളും വിമാനത്താവളത്തില്‍ സൗദി രാജകുമാരനെ സ്വീകരിക്കാനെത്തി.
തുടര്‍ന്ന്, ദാര്‍ യമാമ പാലസില്‍ കുവൈത്ത് അമീര്‍ ശെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹുമായി സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തി. കുവൈത്ത് കിരീടാവകാശിയും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സന്ദര്‍ശനം ഉപകരിക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. മേഖലയുടെയും ജനങ്ങളുടെയും വികസനവും സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് പരസപരം സഹകരിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ഉന്നതതല സംഘവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
സൗദി കിരീടാവകാശിക്ക് ആദരമായി മുബാറക് അല്‍ കബീര്‍ മെഡല്‍ കുവൈത്ത് അമീര്‍ സമ്മാനിച്ചു. സൗദിയുടെ പുരോഗതിയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിലും ജിസിസി രാജ്യങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദം ശക്തിപ്പെടുത്തുന്നതിലും സ്തുത്യര്‍ഹമായ സേവനമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും കുവൈത്ത് അമീര്‍ പറഞ്ഞു. സംയുക്ത എണ്ണ ഖനനം ഉള്‍പ്പെടെ വാണിജ്യ, സാമ്പത്തിക സഹകരണവും മേഖലയിലെ പൊതുവായ വിഷയങ്ങളും ചര്‍ച്ചയായി. കുവൈത്ത് സഹോദര രാജ്യമാണെന്നും കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
ഈ മാസം സൗദിയില്‍ നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഉച്ചകോടിക്ക് മുന്നോടിയായാണ് സൗദി കിരീടാവകാശിയുടെ ഗള്‍ഫ് പര്യടനം. ഒമാന്‍, യുഎഇ, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വെള്ളിയാഴ്ച വൈകീട്ട് കുവൈത്തില്‍ എത്തിയത്. 2018 സെപ്റ്റംബറിലാണ് ഇതിനു മുമ്പ് സൗദി കിരീടാവകാശി കുവൈത്ത് സന്ദര്‍ശിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല