സ്വന്തം ലേഖകന്‍: ആദ്യമായി ഇന്ത്യ, പാക്, ചൈനാ സന്ദര്‍ശനത്തിന് എത്തുന്ന സൗദി കിരീടവകാശി വന്നിറങ്ങുന്നത് പുല്‍വാമ ആക്രമണമുണ്ടാക്കിയ സംഘര്‍ഷാവസ്ഥയിലേക്ക്; പാക് സന്ദര്‍ശനം ഒരു ദിവസം നീട്ടിയതായി സൗദി. പാക് ഉല്‍പ്പന്നങ്ങള്‍ക്ക് 200% നികുതി കൂട്ടി നികുതി യുദ്ധത്തിന് തുടക്കമിട്ട് ഇന്ത്യ. സൗഹൃദ പദവി എടുത്തു കളഞ്ഞതിനു പിന്നാലെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തീരുവയേക്കാള്‍ ഇരട്ടിതുക ഇന്ത്യ പാകിസ്താനില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്.
പാകിസ്താനുമായുള്ള സൗഹ്യദ രാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനം വര്‍ധിപ്പിക്കുകയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഗാട്ട് കരാറനുസരിച്ച് വ്യാപാരബന്ധത്തിന് ഇളവുകള്‍ നല്‍കുന്ന ‘സൗഹൃദരാജ്യ’പദവി ഇന്ത്യ റദ്ദാക്കിയത്.
പഴങ്ങള്‍, സിമന്റ് , പെട്രോളിയം ഉത്പന്നങ്ങള്‍, ധാതുക്കള്‍, തുകല്‍ എന്നിങ്ങനെ നിരവധി ഉല്‍പ്പന്നങ്ങളാണ് പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നത്. 3482 കോടിയുടെ ഉല്‍പന്നങ്ങളാണ് 201718ല്‍ കയറ്റുമതി ചെയ്തിരുന്നത്. കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിച്ചതോടെ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഈ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് തിരിച്ചടിയാകും.
അതേസമയം സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാകിസ്താന്‍ സന്ദര്‍ശനം ഒരു ദിവസത്തേക്ക് നീട്ടിവെച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ശനിയാഴ്ച പാകിസ്താനില്‍ എത്തേണ്ടതായിരുന്നു. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച അദ്ദേഹം എത്തുമെന്നും അറിയിച്ചു.
എന്നാല്‍ സന്ദര്‍ശനം വൈകിപ്പിച്ചതിന്റെ കാരണം പാക് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. പുല്‍വാമയിലുണ്ടായ ഭീകരാക്രണത്തെ സൗദി ശക്തമായി അപലപ്പിച്ചിരുന്നു. സൗദി അധികൃതരും സന്ദര്‍ശനം നീട്ടിയതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം സന്ദര്‍ശനത്തില്‍ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചകള്‍ക്കും പരിപാടികള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെയുള്ള ഏഷ്യാ സന്ദര്‍ശനായി ഞായറാഴ്ച പുറപ്പെടും. ഇരു രാജ്യങ്ങളുമായും വന്‍കിട നിക്ഷേപ കരാറുകള്‍ ഒപ്പുവെക്കും. ഊര്‍ജ വ്യവസായ രംഗത്തെ പ്രമുഖര്‍ കിരീടാവകാശിക്കൊപ്പമുണ്ടാകും. കിരീടാവകാശിക്കൊപ്പം ഒപ്പുവെക്കാന്‍ വിവിധ കരാറുകള്‍ രാജ്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
പാകിസ്താനിലേക്കാണ് കിരീടാവകാശിയുടെ ആദ്യ സന്ദര്‍ശനം. രണ്ട് ദിവസം നീളുന്ന കിരീടാവകാശിയുടെ സന്ദര്‍ശനത്തില്‍ സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തിന് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇമ്രാന്‍ ഖാന്‍. ഊര്‍ജ മേഖലയിലുള്‍പ്പെടെ രണ്ടായിരം കോടി ഡോളറിന്റെ പരസ്പര നിക്ഷേപ പദ്ധതികളാണ് സൗദി ലക്ഷ്യമിടുന്നത്.
പാക് സന്ദര്‍ശനം കഴിഞ്ഞ് ഈ മാസം 19ന് കിരീടാവകാശി ഇന്ത്യയില്‍ സന്ദര്‍ശനത്തിനായി എത്തും. രാഷ്ട്രപതി, ഉപരാഷട്രപതി, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇത് കഴിഞ്ഞ് വന്‍കിട കരാറുകള്‍ ഒപ്പുവെച്ചേക്കും. അടിസ്ഥാന സ്വകാര്യ മേഖലകളിലായിരിക്കും കരാറുകള്‍.
വിവിധ ധാരണാപത്രങ്ങളും ഇരുരാജ്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. നിക്ഷേപ പദ്ധതികള്‍ക്കായി വ്യവസായികളുടെ വന്‍സംഘം കൂടെയുണ്ട്. ഇന്ത്യക്ക് ശേഷം ചൈനയാണ് കിരീടാവകാശിയുടെ ലക്ഷ്യം. ഇതിനിടെ ഇന്തോനേഷ്യ, മലേഷ്യ സന്ദര്‍ശനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇക്കാര്യം ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല