1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2023

സ്വന്തം ലേഖകൻ: വലിയ കുറ്റകൃത്യങ്ങള്‍ നടത്തിയ പ്രതികള്‍ക്ക് ശിരച്ഛേദത്തിലൂടെ വധശിക്ഷ നടപ്പാക്കുന്ന ചത്വരത്തില്‍ ലോലവികാരങ്ങള്‍ക്ക് സ്ഥാനമില്ലെന്നാണ് പറയാറുള്ളത്. എന്നാല്‍ സൗദി അറേബ്യയിലെ തബൂക്കില്‍ വധശിക്ഷകള്‍ നടപ്പാക്കുന്ന ചത്വരത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത് വൈകാരിക മുഹൂര്‍ത്തങ്ങള്‍. തലവെട്ടാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ പ്രതിക്ക് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് നിരുപാധികം മാപ്പ് നല്‍കി വാള്‍മുനയില്‍ നിന്ന് പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുനടത്തുകയായിരുന്നു.

കൊല്ലപ്പെട്ട യുവാവും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവും സൗദി പൗരന്‍മാരാണ്. വന്‍തുക ദിയാധനം (ബ്ലഡ് മണി) നല്‍കാമെന്ന പ്രതിയുടെ കുടുംബത്തിന്റെ ഓഫറുകളും പ്രതിക്ക് മാപ്പ് ലഭ്യമാക്കാന്‍ പൗരപ്രമുഖര്‍ നടത്തിയ മധ്യസ്ഥശ്രമങ്ങളുമെല്ലാം കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് നേരത്തെ തള്ളിയിരുന്നു. എന്നാല്‍ ശിക്ഷ നടപ്പാക്കാന്‍ അല്‍പസമയം മാത്രം ശേഷിക്കെ മനസലിഞ്ഞ പിതാവ് ഒരു റിയാല്‍ പോലും സ്വീകരിക്കാതെ ദൈവപ്രീതി കാംക്ഷിച്ച് നിരുപാധികം മാപ്പ് നല്‍കുകയാണുണ്ടായത്.

കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് സൗദി പൗരന്‍ മുതൈര്‍ അല്‍അതവി രാജ്യത്തെ മാധ്യമങ്ങളില്‍ താരമായത്. വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പായി ദൈവം തന്റെ മനസ്സിലേക്ക് ശാന്തിയും ദയയും ചൊരിയുകയായിരുന്നുവെന്നാണ് ആ നിമിഷത്തെക്കുറിച്ച് മുതൈര്‍ പ്രതികരിച്ചത്. ദൈവീക പ്രീതി മാത്രം കാംക്ഷിച്ച് പ്രതിക്ക് മാപ്പ് നല്‍കാന്‍ താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തബൂക്കില്‍ അഞ്ചു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. മുതൈര്‍ അല്‍അതവിയുടെ പുത്രനും പ്രതിയും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ മുതൈറിന്റെ മകന്‍ കൊല്ലപ്പെടുകയായിരുന്നു. വിചാരണാ കോടതിയും മേല്‍ക്കോടതികളും പ്രതിക്ക് വധശിക്ഷ വിധിക്കുകയും ശിക്ഷ നടപ്പാക്കാന്‍ റോയല്‍ കോര്‍ട്ട് അനുവാദം നല്‍കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.