സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശികള്‍ക്കുള്ള ആശ്രിത ലെവി പ്രാബല്യത്തില്‍, ആശങ്കയോടെ മലയാളി കുടുംബങ്ങള്‍. വിദേശികളുടെ ളുടെ ആശ്രിതര്‍ക്ക് ഇതോടെ പ്രതിമാസം 100 റിയാല്‍ വീതം നിര്‍ബന്ധിത അധിക ഫീസ് (ലെവി) അടയ്ക്കേണ്ടിവരും. ജൂലൈ ഒന്നു മുതല്‍ റീ എന്‍ട്രി വിസ ലഭിക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക് നിശ്ചിത ലെവി അടക്കണമെന്ന അറിയിപ്പ് ലഭിച്ചു തുടങ്ങി.
ആശ്രിത ലെവി ബാങ്കുകളുടെ സദാദ് ഓണ്‍ലൈന്‍ സിസ്റ്റത്തില്‍ ‘അസോസിയേറ്റ് ഫീസ് ഫോര്‍ ആള് റിലേറ്റീവ്സ്’ എന്ന ഹെഡ് ആരംഭിച്ചിട്ടുണ്ട്. ഇഖാമ നമ്പറും കാലാവധി തീയതിയും നല്കിയാല് എത്ര തുകയാണ് ലെവി ഇനത്തില്‍ അടക്കേണ്ടതെന്ന് ഇതില്‍ കാണിക്കും.
‘അസോസിയേറ്റ് ഫീസ് ഫോര്‍ ആള് അസോസിയേറ്റ്സ്’ എന്ന പേരിലാണ് സാംബ ഓണ്‍ലൈനില്‍ കാണിക്കുന്നത്. കുടുംബത്തിലെ മുഴുവന്‍ ആശ്രിതര്‍ക്കും റീ എന്‍ട്രി വേണമെങ്കില്‍ ഫീ ഫോര്‍ ആള് എന്ന തലക്കെട്ടില്‍ ഇഖാമ നമ്പറും കാലാവധി തീയതിയും ചേര്‍ത്താല്‍ മൊത്തം അടക്കേണ്ട തുക കാണിക്കും.
അസോസിയേറ്റ് ഫീ ഫോര്‍ സ്പെസിഫിക്ക് എന്ന ഹെഡില്‍ ഓരോരുത്തരുടേയും ഇഖാമ നമ്പറും തീയതിയും ചേര്‍ത്താല്‍ അടക്കേണ്ട തുക അറിയാം. ഈ തുക അടച്ച ശേഷമേ അബശിര്‍ വൈബ് സൈറ്റില്‍നിന്ന് റീ എന്‍ട്രി വിസ ഇഷ്യൂ ചെയ്യാന്‍ സാധിക്കൂ. റീ എന്‍ട്രി ഫീ മാത്രം അടച്ച് റീ എന്‍ട്രി വിസക്ക് ശ്രമിച്ചാല്‍ അബ്ശിര്‍ സൈറ്റില്‍ ആവശ്യമായ ഫണ്ടില്ല എന്ന സന്ദേശമാണ് ലഭിക്കുന്നത്. ആശ്രിത വിസയിലുള്ളവര്‍ക്ക് ഈ വര്‍ഷം 100 റിയാല്‍ വീതമാണ് പ്രതിമാസ ലെവിയായി അടക്കേണ്ടത്.
ഇഖാമ പുതുക്കുമ്പോള്‍ ഒരു വര്‍ഷത്തേക്ക് സ്പോണ്സര്ഷിപ്പില് കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 1200 റിയാല്‍ എന്ന തോതിലാണ് ഓരോ വിദേശിയും ലെവി അടക്കേണ്ടതെന്നാണ് കഴിഞ്ഞ ആഴ്ച ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വിദേശന്യൂസ് ഏജന്‍സിയോട് പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ ധന വകുപ്പിന്റെയോ തൊഴില്‍, ജവാസാത്ത് വകുപ്പുകളുടെയോ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറങ്ങിയിരുന്നില്ല.
സ്വദേശി ജീവനക്കാരെക്കാള്‍ കുടുതല്‍ വിദേശതൊഴിലാളികള്‍ ഉള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്ക് തൊഴിലാളിയൊന്നിന് 400 റിയാല്‍ വീതവും ലെവി അടക്കണം. എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തില്‍ മറ്റ് വരുമാനങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വിദേശതൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് ആശ്രിതലെവി ഏര്‍പ്പെടുത്താനുള്ള സൗദിഭരണകൂടത്തിന്റെ തീരുമാനം. മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവക്കുന്ന തീരുമാനമായാണ് ഇത് പൊതുവെ വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല