സ്വന്തം ലേഖകൻ: സൗദിയിൽ വിദേശികൾക്ക് ഇഖാമ പ്രിൻറ് ചെയ്ത കാർഡ് രൂപത്തിലോ ഡിജിറ്റൽ രൂപത്തിലോ സൂക്ഷിക്കാവുന്നതാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) അറിയിച്ചു. എന്നാൽ പുതുതായി ഏർപ്പെടുത്തിയ ഡിജിറ്റൽ ഇഖാമ മൊബൈലിൽ എപ്പോഴും ഉണ്ടാവണം എന്ന് നിർബന്ധമാക്കിയിട്ടില്ലെന്ന് സ്വകാര്യ ചാനലിൽ സംസാരിക്കവെ ജവാസാത്ത് വക്താവ് ക്യാപ്റ്റൻ നാസർ അൽ ഉതൈബി പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിെൻറ ഇലക്ട്രോണിക് ആപ്ലിക്കേഷനായ ‘അബ്ഷീർ’ മുഖേന ഈ വർഷം ജനുവരി മുതലാണ് ജവാസാത്ത് ഡിജിറ്റൽ ഇഖാമ പുറത്തിറക്കിയത്. ഒറിജിനൽ പ്ലാസ്റ്റിക് ഇഖാമ കാർഡ് കൈവശം വെച്ചില്ലെങ്കിലും ഡിജിറ്റൽ ഐഡി ഉണ്ടായാൽ ഇഖാമ കൈയിൽ കരുതാത്തതിനുള്ള പിഴയിൽനിന്ന് ഒഴിവാകാം.
ഒറിജിനൽ ഇഖാമ കാർഡ് കൈവശം വെക്കാത്ത സാഹചര്യത്തിൽ കാർഡ് ഉടമക്ക് തെൻറ ഐഡൻറിറ്റി തെളിയിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ഡിജിറ്റൽ ഐഡി മതിയാകുമെന്ന് ഉതൈബി പറഞ്ഞു. അബ്ഷീർ ആപ്ലിക്കേഷനിൽനിന്ന് ഇഖാമയുടെ ഡിജിറ്റൽ കാർഡ് ഡൗൺലോഡ് എടുത്തു മൊബൈലിൽ സൂക്ഷിച്ചുവെക്കുന്നത് ഇൻറർനെറ്റ് ഇല്ലാത്ത സമയത്തും ഐഡി ഡാറ്റ കാണാൻ സഹായിക്കും.
നാഷനൽ ഇൻഫർമേഷൻ സെൻററുമായി സഹകരിച്ചു ജവാസാത്ത് വിഭാഗം നടപ്പാക്കിയ ഡിജിറ്റൽ ഐഡി പദ്ധതി വ്യക്തികളുടെ ഡിജിറ്റൽ രേഖാ പരിവർത്തന പ്രക്രിയയുടെയും ഇലക്ട്രോണിക് ഇടപാടുകളുടെയും വികസനത്തിൽ ഒരു വഴിത്തിരിവായിരിക്കുമെന്നും ഉതൈബി പറഞ്ഞു. വിദേശികളുടെ ഇഖാമ കാർഡ് ഡിജിറ്റൽ രൂപത്തിലാക്കിയത് പോലെ സ്വദേശികളുടെ തിരിച്ചറിയൽ കാർഡും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്ന നടപടികൾ തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയത്തിലെ സാങ്കേതികകാര്യ സഹമന്ത്രി അമീർ ബന്ദർ അൽമശാരി അറിയിച്ചു.
ഭാവിയിൽ സ്വദേശികളുടെയും വിദേശികളുടെയും ഐഡൻറിറ്റി കാർഡ്, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ (ഇസ്തിമാറ) തുടങ്ങിയവയുടെ പ്രിൻറ് ചെയ്ത കാർഡുകൾ വഹിക്കേണ്ട ആവശ്യം വരില്ലെന്നും അവയെല്ലാം ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല