സ്വന്തം ലേഖകൻ: സൗദിയിൽ ഗാർഹികതൊഴിലാളികളുടെ അവകാശ സംരക്ഷണവും തൊഴിൽ മേഖലയുമായും ബന്ധപ്പെട്ട് കാതലായ മാറ്റങ്ങൾ വരുത്താനൊരുങ്ങി മാനവ വിഭവശേഷി സമൂഹിക വികസന മന്ത്രാലയം. വീട്ടുജോലിക്കാരോട് മോശമായി പെരുമാറുന്ന തൊഴിലുടമക്ക് 2000 റിയാൽ പിഴ ഒടുക്കേണ്ടിവരും.
കൂടാതെ ഒരു വർഷത്തെ റിക്രൂട്ട്മെൻ്റ് വിലക്കും തൊഴിലുടമ നേരിടേണ്ടി വരുന്നതടക്കമുള്ള മാറ്റങ്ങളാണ് പുതിയ നിയമം നടപ്പിലാക്കുന്നതോടെ പ്രാബല്യത്തിലാവുക. പുതിയ നിയമത്തിൽ വീട്ടുജോലിക്കാരുടെ ആരോഗ്യത്തിനും ശാരീരിക സുരക്ഷക്കും കൂടുതൽ പരിഗണന വ്യവസ്ഥ ചെയ്യുന്നു.പുതിയ നിയമം ഉടൻ നിലവിൽ വരുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ തൊഴിലുടമയുടെ വീട്ടിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന പക്ഷം വീട്ടുജോലിക്കാർക്കും ശിക്ഷ നൽകുന്നതിനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.അത്തരത്തിലുളള തൊഴിലാളിക്കെതിരെ സാമ്പത്തിക പിഴ ചുമത്താനാണ് പുതിയ നിയമം പറയുന്നത്. തൊഴിൽ നിയമം ആർട്ടിക്കിൾ ഏഴിലെ രണ്ടാം ഖണ്ഡികയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ശിക്ഷകൾ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
തൊഴിലാളിയും തൊഴിലുടമയുമായുള്ള പരസ്പര ബന്ധങ്ങൾ നിയന്ത്രിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു. ഗാർഹിക തൊഴിലാളിയുടെ ആരോഗ്യത്തിനും ശരീര സുരക്ഷക്കും പുതിയ നിയമം കൂടുതൽ പരിഗണന കൽപിക്കുന്നു.ജോലി നിർവഹിക്കുന്നതിൻ്റെ ഭാഗമായി തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങൾ പാലിക്കണം.
തൊഴിലാളിയെ അപകടകരമായ ജോലിക്ക് നിയോഗിക്കാൻ പാടില്ലെന്നും അവരുടെ മാനുഷിക അന്തസ്സിനെ ബാധിക്കുന്ന തരത്തിൽ തൊഴിലുടമ പെരുമാറരുതെന്നും നിയമമുണ്ട്. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പിഴകൾ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണം. കരാർപ്രകാരമുള്ള ജോലിചെയ്യാൻ തൊഴിലാളി ബാധ്യസ്ഥനുമാണ്.
വീട്ടുജോലിക്കാരൻ തൊഴിലുടമയുടെ സ്വത്ത് സംരക്ഷിക്കണം. കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഉപദ്രവിക്കരുത്. തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും രഹസ്യങ്ങൾ പുറത്താകാതെ സംരക്ഷിക്കണം തുടങ്ങിയ വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ട്. ചട്ടങ്ങളിലെ ഏഴാം വകുപ്പ് അനുസരിച്ച്, വീട്ടുജോലിക്കാരന് കരാറിൽ സമ്മതിച്ച ജോലിയല്ലാതെ മറ്റൊന്നും നൽകാതിരിക്കാൻ തൊഴിലുടമ ബാധ്യസ്ഥനാണ്.
പുതിയ നിയമത്തിൽ തൊഴിൽ കരാറിൻ്റെ എല്ലാ വിശദാംശങ്ങളും അത് റദ്ദാക്കുന്നതിനുള്ള വ്യവസ്ഥകളും തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ, പരസ്പരമുളള കടമകൾ,കർത്തവ്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഗാർഹിക തൊഴിലാളികൾക്കുള്ള മാർഗരേഖ തൊഴിൽ മന്ത്രാലയത്തിന് കീഴിലായിരിക്കും പ്രാബല്യത്തിൽ വരുകയെന്നും മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല