1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2023

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ വീട്ടുവേലക്കാരികള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നത് സംബന്ധിച്ച് പരിഷ്‌കരിച്ച നിയമാവലി പുറത്തിറക്കി. 21 വയസ്സില്‍ കുറഞ്ഞ വീട്ടുവേലക്കാരികളെ വെച്ചാല്‍ തൊഴിലുടമയ്ക്ക് 20,000 റിയാല്‍ പിഴചുമത്തുമെന്ന് ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ഖുറാ പത്രത്തില്‍ പരസ്യപ്പെടുത്തിയ നിയമത്തില്‍ പറയുന്നു.

ജോലിസമയം, വിശ്രമ സമയം എന്നിവ വേര്‍തിരിച്ച് നിശ്ചയിക്കുകയും ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുമ്പോള്‍ പാലിക്കേണ്ട മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ദിവസത്തില്‍ പത്തു മണിക്കൂറില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിക്കരുതെന്ന് പരിഷ്‌കരിച്ച നിയമാവലി അനുശാസിക്കുന്നു.

തുടര്‍ച്ചയായി അഞ്ചു മണിക്കൂറില്‍ കൂടുതല്‍ ജോലിചെയ്യിക്കുന്നത് വിലക്കി. വിശ്രമത്തിനും ഭക്ഷണത്തിനും ആരാധനാകര്‍മങ്ങള്‍ക്കും അര മണിക്കൂറില്‍ കുറയാത്ത ഇടവേള നല്‍കാതെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ജോലി ചെയ്യിക്കരുതെന്ന് നിയമത്തില്‍ പറയുന്നു. ഇതിനനുസൃതമായി ജോലിസമയം ക്രമീകരിക്കണം.

ഇടവേളകളിലെ വിശ്രമത്തിനു പുറമേ ദിവസത്തില്‍ എട്ടു മണിക്കൂറില്‍ കുറയാത്ത തുടര്‍ച്ചയായ വിശ്രമവും അനുവദിക്കണം. ജോലിസമയവും വിശ്രമ സമയവും വെവ്വേറെയാണ് പരിഗണിക്കേണ്ടത്. ആഴ്ചയില്‍ ഒരു ദിവസം പൂര്‍ണ വേതനത്തോടെ അവധി നല്‍കണം. തുടര്‍ച്ചയായി 24 മണിക്കൂറില്‍ കുറയാത്ത വിശ്രമദിനമാണ് അനുവദിക്കേണ്ടത്. ആഴ്ചയിലുള്ള അവധി ഏത് ദിവസമാണെന്ന് തൊഴിലാളിയും തൊഴിലുടമയും പരസ്പര ധാരണയിലൂടെ തീരുമാനിക്കണം. വാരാന്ത അവധി ദിവസത്തില്‍ ജോലി ആവശ്യമായി വന്നാല്‍ പകരം മറ്റൊരു ദിവസം അവധി നല്‍കുകയോ അധിക വേതനം നല്‍കുകയോ വേണമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.

വാര്‍ഷിക അവധി രണ്ടു വര്‍ഷം കൂടുമ്പോള്‍ 30 ദിവസം അനുവദിക്കണം. അവധിയെടുക്കാന്‍ തൊഴിലാളി ഉദ്ദേശിക്കുന്നില്ലെങ്കില്‍ പ്രസ്തുത മാസത്തെ പൂര്‍ണമായ ശമ്പളം നല്‍കാനും തൊഴിലുടമ ബാധ്യസ്ഥനാണ്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ വിദേശ ജോലിക്കാര്‍ക്ക് സ്വദേശത്തേക്ക് പോയി മടങ്ങിവരാനുള്ള വിമാന ടിക്കറ്റും നല്‍കണം. ജോലി അവസാനിപ്പിച്ച് ഫൈനല്‍ എക്‌സിറ്റില്‍ പോകുമ്പോള്‍ വണ്‍വേ ടിക്കറ്റ് മതിയാവും. രാജ്യത്തിന് പുറത്തുപോകാതെയാണ് വാര്‍ഷികാവധി പ്രയോജനപ്പെടുത്തുന്നതെങ്കില്‍ ടിക്കറ്റിനോ ടിക്കറ്റ് തുകക്കോ തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കില്ല.

ഗാര്‍ഹിക ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 30 ദിവസം മെഡിക്കല്‍ ലീവുണ്ട്. രോഗാവധി അനുവദിക്കുക മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. മെഡിക്കല്‍ ലീവ് ഒരുമിച്ച് എടുക്കുന്നതിനും തടസമില്ല. ആദ്യ 15 ദിവസത്തിന് പൂര്‍ണ വേതനവും തുടര്‍ന്ന് പകുതി വേതനവുമാണ് ലഭിക്കുക.

ഒരു മാസത്തില്‍ കൂടുതല്‍ മെഡിക്കല്‍ ലീവ് എടുക്കുന്നവരെ ആവശ്യമെങ്കില്‍ തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് സ്വദേശത്തേക്ക് തിരിച്ചയക്കാവുന്നതാണ്. വിമാന ടിക്കറ്റും നിയമാനുസൃതമായ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കിയാണ് പിരിച്ചുവിടേണ്ടത്. ഓരോ നാലു വര്‍ഷത്തെ സേവനത്തിനും ഒരു മാസത്തെ വേതനം എന്ന തോതില്‍ സേവനാനന്തര ആനുകൂല്യത്തിനും തൊഴിലാളിക്ക് അര്‍ഹതയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.