സ്വന്തം ലേഖകൻ: സൗദിയില്‍ പരിഷ്‌കരിച്ച ഗാര്‍ഹിക തൊഴില്‍ നിയമമനുസരിച്ച് തൊഴിലാളിക്കും തൊഴിലുടമക്കും ചിലഘട്ടങ്ങളില്‍ ഏകപക്ഷീയമായി കരാര്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. സൗദി മാനവവിഭവശേഷി മന്ത്രാലയം അടുത്തിടെ അംഗീകരിച്ച ഗാര്‍ഹിക തൊഴില്‍ ചട്ടങ്ങള്‍ പ്രകാരം അഞ്ച് സഹാചര്യങ്ങളില്‍ തൊഴിലാളിക്ക് കരാര്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.
കരാര്‍ അനുസരിച്ചുള്ള ബാധ്യതകള്‍ തൊഴിലുടമ നിര്‍വ്വഹിക്കാതിരിക്കുക, തൊഴിലുടമയില്‍ നിന്നോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ നിന്നോ അക്രമാസക്തമായ ആക്രമണത്തിനോ ലൈംഗിക-അധാര്‍മ്മിക പെരുമാറ്റത്തിനോ വിധേയമാകുക, തൊഴിലാളിയുടെ ആരോഗ്യത്തിനോ ശരീരത്തിനോ അപകടകരമാകുന്ന രീതിയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുക, ഉടമ തന്റെ സേവനം മറ്റൊരാള്‍ക്ക് വില്‍ക്കുകയോ വാടകക്ക് നല്‍കുകയോ ചെയ്യുക തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് തൊഴിലാളിക്ക് കരാര്‍ അവസാനിപ്പിക്കാന്‍ അവകാശമുള്ളത്.
എന്നാല്‍ ആറ് ഘട്ടങ്ങളില്‍ ഉടമക്കും തൊഴിലാളിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ സാധിക്കും. കരാര്‍ പ്രകാരം തൊഴിലാളി ജോലി ചെയ്യാതിരിക്കുക, ഉടമക്ക് സാമ്പത്തിക നഷ്ടം വരുത്താന്‍ ഉദ്ദേശിച്ചുള്ള തൊഴിലാളിയുടെ പ്രവര്‍ത്തി അതോറിറ്റി മുഖേന തെളിയുക, ഉടമയെയും കുടുംബാംഗങ്ങളെയും ആക്രമിക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. കരാര്‍ ഇരു കക്ഷികള്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ ആകണം. അല്ലാത്ത പക്ഷം ആവശ്യമുള്ള ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി നല്‍കണമെന്നും പുതിയ തൊഴില്‍ നിയമം അനുശാസിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല