1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2023

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ എയര്‍പോര്‍ട്ടുകളിലും കര, പോര്‍ട്ട് അതിര്‍ത്തി ചെക്ക് പോയിന്റുകളിലും പ്രവര്‍ത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം വില്‍ക്കാന്‍ അനുവാദമില്ലെന്ന് സൗദി സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അതോറിറ്റിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് അതോറിറ്റിയുടെ വിശദീകരണം.

രാജ്യത്ത് ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങള്‍ക്ക് അനുസൃതമായാണ് ഈ തീരുമാനമെന്നും അതോറിറ്റി വ്യക്തമാക്കി. ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്, രാജ്യത്ത് വ്യാപാരം ചെയ്യാന്‍ അനുവാദമുള്ള ചരക്കുകളും ഉല്‍പ്പന്നങ്ങളും മാത്രമേ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകളിലും അനുവദിക്കൂ എന്നും അതിനാല്‍ മദ്യ വില്‍പ്പന ഇവിടെ അനുവദിക്കില്ലെന്നും അതോറിറ്റി അറിയിച്ചു.

ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ജിസിസി രാജ്യങ്ങള്‍ക്കുള്ള ഏകീകൃത കസ്റ്റംസ് നിയമത്തിന് അനുസൃതമായി, എയര്‍, കടല്‍, കര തുറമുഖങ്ങളില്‍ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകളുമായി ബന്ധപ്പെട്ട് നിലവിലെ വ്യവസ്ഥകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതാണ് പുതിയ നിയമം.

രാജ്യത്തെ എയര്‍പോര്‍ട്ടുകളിലും കര, നാവിക അതിര്‍ത്തികളിലും സ്വതന്ത്ര്യ മാര്‍ക്കറ്റുകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കും. അന്താരാഷ്ട്ര വിപണിയിലുള്ള ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റ് വഴി വിപണിയില്‍ ലഭ്യമാക്കാന്‍ ഇത് അവസരമൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആവശ്യകതകള്‍, നടത്തിപ്പ് ലൈസന്‍സുകള്‍, മറ്റ് അനുബന്ധ നിയന്ത്രണങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ഇളവുകള്‍ കൊണ്ടുവന്നതായും അധികൃതര്‍ അറിയിച്ചു.

രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്കും പുറത്തുപോകുന്നവര്‍ക്കുമായി ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം നേരത്തേ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അതിനാവശ്യമായ നിയമങ്ങളും വ്യവസ്ഥകളും ചിട്ടപ്പെടുത്തിയതെന്ന് അതോറിറ്റി വ്യക്തമാക്കി. യാത്രാക്കാര്‍ക്ക് ആവശ്യമായ രീതിയില്‍ അവരുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ചുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പുകളാക്കി അവയെ വിപുലീകരിക്കാനും പദ്ധതിയുണ്ട്.

അതോടൊപ്പം ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ പ്രാദേശിക കമ്പനികള്‍ക്ക് വില്‍പ്പന സൗകര്യം ഒരുക്കുന്നതിലൂടെ തദ്ദേശീയ ഉല്‍പന്നങ്ങളുടെ പ്രോല്‍സാഹനത്തിന് അത് സഹായകമാവുകയും ചെയ്യുമെന്നും അതോറിറ്റി അറിയിച്ചു. ട്രാവല്‍ ഷോപ്പിംഗിനായി വൈവിധ്യമാര്‍ന്ന ചരക്കുകളും ഉല്‍പ്പന്നങ്ങളും നല്‍കിക്കൊണ്ട് ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകളിലേക്കുള്ള നല്‍കുന്ന വിതരണ ശൃംഖലകളെ പിന്തുണയ്ക്കുന്നതിനും ലോജിസ്റ്റിക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ തീരുമാനം സഹായിക്കുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

നിലവില്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദമാമിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളിലെ പാസഞ്ചേഴ്‌സ് ഹാളിലാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

പുതിയ ഇളവുകളുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കൂടുതല്‍ പ്രവേശന കേന്ദ്രങ്ങളില്‍ ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ തുറക്കും. ഏകീകൃത കസ്റ്റംസ് നിയമത്തിലെ ഫ്രീ മാര്‍ക്കറ്റ് നിയമമനുസരിച്ച് കസ്റ്റംസ് തീരുവകളില്‍നിന്നും മറ്റ് നികുതികളില്‍നിന്നും ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. നികുതിയിളവിന്റെ തോത് ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ സ്ഥാനം അനുസരിച്ച് ഓരോ രാജ്യത്തും വ്യത്യാസപ്പെടുമെന്നും അതോറിറ്റി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.