വിദേശ രാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെയുള്ള തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ സൗദി അറേബ്യ വിപുലമായ നിയമ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യുന്നവരെ കോടതികളില്‍ വിചാരണ ചെയ്തു ശിക്ഷിക്കുന്നതിനായി ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന്‍ ബ്യൂറോ ആയിരിക്കും കേസുകള്‍ കൈകാര്യം ചെയ്യുന്നത്.
തൊഴില്‍ മന്ത്രാലയത്തില്‍ ആരംഭിച്ച ആന്റി ട്രാഫിക്കിംഗ് വിംഗായിരിക്കും തൊഴിലാളികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കേസ് എടുത്ത് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന്‍ ബ്യൂറോയ്ക്ക് കൈമാറുക. ഇവരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പിന്തുണ തൊഴില്‍ മന്ത്രാലയം നല്‍കും. കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതികളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ചുമതല ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന്‍ ബ്യൂറോയ്ക്കാണ്.
കഴിഞ്ഞ വര്‍ഷം സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ മന്ത്രാലയം 2,67,899 പരിശോധനകള്‍ നടത്തി. ആകെ 51,49,899 തൊഴിലാളികള്‍ ജോലി ചെയ്യുന്ന 1,80,453 സ്ഥാപനങ്ങളിലായിരുന്നു ഈ പരിശോധന. സ്ഥാപനങ്ങളില്‍ 83,138 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം തൊഴില്‍ മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 50 ശതമാനം വര്‍ധനയുണ്ട്. ലേബര്‍ ഓഫീസുകളില്‍ കഴിഞ്ഞ വര്‍ഷം 4,750 തൊഴില്‍ കേസുകള്‍ എത്തി.
ഗാര്‍ഹിക തൊഴിലാളികളോട് മോശമായി പെരുമാറുന്ന തൊഴിലുടമകളെ കരിമ്പട്ടികയില്‍ പെടുത്തുന്നതിന് തൊഴില്‍ മന്ത്രാലയത്തിന് നീക്കമുണ്ട്. വൈകാതെ കരിമ്പട്ടിക പ്രസിദ്ധീകരിക്കും. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും വേതന വിതരണത്തിന് കാലതാമസം വരുത്തുകയും പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെക്കുകയും ചെയ്യുന്ന തൊഴിലുടമകളുടെ പേരുവിവരങ്ങള്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കുള്ള മുസാനിദ് പോര്‍ട്ടലിലാണ് പരസ്യപ്പെടുത്തുക. നിയമ ലംഘനങ്ങള്‍ നടത്തുന്ന തൊഴിലുടമകള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും അവരെ കരിമ്പട്ടികയില്‍ പെടുത്താനുമാണ് പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല