1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2023

സ്വന്തം ലേഖകൻ: അറബിക് കലണ്ടറിന് (ഹിജ്‌റ കലണ്ടര്‍) പകരം ഇംഗ്ലീഷ് കലണ്ടര്‍ (ഗ്രിഗോറിയന്‍ കലണ്ടര്‍) എല്ലാ ഔദ്യോഗിക ഉപയോഗങ്ങള്‍ക്കും പരിഗണിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. രാജ്യത്തെ എല്ലാ ഔദ്യോഗിക കാര്യങ്ങളുടെയും ഇടപാടുകളുടെയും തീയതി കണക്കാക്കുന്നതിനുള്ള അടിസ്ഥാനം ഇനി മുതല്‍ ഇംഗ്ലീഷ് കലണ്ടര്‍ ആയി നിശ്ചയിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്.

ഭരണകൂടത്തിന്റെ ഔദ്യോഗിക കാര്യങ്ങളും ഇടപാടുകളും പൂര്‍ണമായി ഇംഗ്ലീഷ് കലണ്ടര്‍ അടിസ്ഥാനമാക്കി മാറ്റുമെങ്കിലും ഇസ്‌ലാമികമായ എല്ലാ കാര്യങ്ങള്‍ക്കും ഹിജ്‌റ കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ള സമയം ആയിരിക്കും തുടര്‍ന്നും കണക്കാക്കുക. സൗദിയില്‍ ഇതുവരെ സര്‍ക്കാര്‍ കാര്യങ്ങളും മറ്റും കണക്കാക്കിയിരുന്നത് ഹിജ്‌റ കലണ്ടര്‍ പ്രകാരമായിരുന്നു.

വിസിറ്റ്, തൊഴില്‍, ബിസിനസ്, ഫാമിലി തുടങ്ങിയ വിവിധ തരം വീസകളുടെ കാലാവധിയും വിദേശികളുടെ ഇഖാമ (താമസരേഖ) കാലാവധി ഉള്‍പ്പെടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങള്‍ക്കും ഇതുവരെ ഹിജ്‌റ തീയതി ആണ് പരിഗണിച്ചിരുന്നത്. സ്വദേശികളുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാവിധ സര്‍ക്കാര്‍ രേഖകളുടെയും സേവനങ്ങളുടെയും കാലാവധിയും ഇനി മുതല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമാണ് കണക്കാക്കുക.

എല്ലാ ചൊവ്വാഴ്ചയുമാണ് മന്ത്രിസഭയുടെ പ്രതിവാര യോഗം നടക്കുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ റിയാദില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റേതാണ് പുതിയ തീരുമാനം. ഈ പ്രഖ്യാപനം വരുന്നതിന് മുമ്പു തന്നെ ഔദ്യോഗികവും നിയമപരവുമായ ഏതാനും കാര്യങ്ങള്‍ക്ക് സൗദിയില്‍ ഇംഗ്ലീഷ് കലണ്ടറിന്റെ അടിസ്ഥാനത്തില്‍ കാലയളവ് പരിഗണിക്കാന്‍ തുടങ്ങിയിരുന്നു.

സൗദിയില്‍ ഔദ്യോഗിക കലണ്ടര്‍ ആയി ഹിജ്‌റ കലണ്ടര്‍ ആണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇംഗ്ലീഷ് കലണ്ടറിനെ രണ്ടാം കലണ്ടറായും ഉപയോഗിച്ചുവരുന്നു. ഹിജ്‌റ കലണ്ടര്‍ ഗ്രിഗോറിയന്‍ കലണ്ടറിനേക്കാള്‍ വര്‍ഷത്തില്‍ 11 അല്ലെങ്കില്‍ 12 ദിവസങ്ങള്‍ കുറവായിരിക്കും. അറബിക് കലണ്ടര്‍ പ്രകാരം ശമ്പളം ലഭിക്കുമ്പോള്‍ ജോലിക്കാര്‍ക്ക് അത് നേട്ടമാവുകയും ചെയ്തിരുന്നു.

2016 ല്‍ ശമ്പളവും അലവന്‍സുകളും മറ്റ് പേയ്‌മെന്റുകളും ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് മാറ്റിയിരുന്നു. സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളം, വേതനം, ബോണസ്, അലവന്‍സുകള്‍ എന്നിവ ഹിജ്‌റ കലണ്ടറില്‍ നിന്ന് മാറ്റാന്‍ ഇതേ വര്‍ഷം മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ഇനി മുതല്‍ മതപരമായ കാര്യങ്ങള്‍ ഒഴികെയുള്ളതെല്ലാം ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരമായിരിക്കും കണക്കാക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.