സ്വന്തം ലേഖകൻ: ഉയര്‍ന്ന ഫീസ് ഈടാക്കിയതിനെ തുടര്‍ന്ന് ഏഴര ലക്ഷം പ്രവാസികള്‍ സൗദി വിട്ടെന്ന് റിപ്പോര്‍ട്ട്. 2018 ന്റെ ആരംഭം മുതല്‍ 2021 ന്റെ മൂന്നാം പാദത്തിന്റെ അവസാനം വരെയുള്ള 45 മാസത്തെ കണക്കാണ് പുറത്തുവിട്ടത്. 10.12 ശതമാനം വിദേശ തൊഴിലാളികളാണ് സൗദി വിട്ടത്. 2018 ല്‍ ആരംഭിച്ച പ്രവാസി ഫീസ് ചുമത്തിയാണ് വിദേശികളുടെ കൂട്ട പുറത്താക്കലിന് കാരണമായത്. 2018 ല്‍ ഒരു ജീവനക്കാരന് പ്രതിമാസ പ്രവാസി ഫീസ് 400 റിയാല്‍ ആയിരുന്നു. ഇത് 2019 ല്‍ 600 റിയാലും 2020 മുതല്‍ 800 റിയാലും ആയി ഉയര്‍ന്നു.
പ്രവാസി ഫീസ് ചുമത്തുന്നതിന് മുമ്പ് 2017 അവസാനത്തോടെ സൗദി ഇതര തൊഴിലാളികളുടെ എണ്ണം 10.42 ദശലക്ഷമായിരുന്നു. എന്നാല്‍, ഈ കണക്ക് ഓരോ വര്‍ഷവും കുറയാന്‍ തുടങ്ങി. 2021 മൂന്നാം പാദത്തിന്റെ അവസാനത്തോടെ ഏകദേശം 9.36 ദശലക്ഷത്തിലെത്തി.
ഈ കാലയളവില്‍ തന്നെ സൗദിയിലെ പുരുഷ- സ്ത്രീ തൊഴിലാളികളുടെ എണ്ണം 5.66 ശതമാനം വര്‍ദ്ധിച്ചു. ഏകദേശം 179,000 സൗദി പുരുഷന്മാരും സ്ത്രീകളുമാണ് വര്‍ദ്ധിച്ചത്. ഇതോടെ, മൊത്തം സൗദി തൊഴിലാളികളുടെ എണ്ണം 3.34 ദശലക്ഷമായി ഉയര്‍ന്നു. 2017 അവസാനത്തോടെ ഇത് 3.26 ദശലക്ഷമായിരുന്നു.
ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിലേക്ക് (ജിഒഎസ്‌ഐ) ചേര്‍ന്നതിന് ശേഷം സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയരായ സൗദി പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം ഇതേ കാലയളവില്‍ 7.73 ശതമാനമായി ഉയര്‍ന്നു. 153,000 ലധികം പുരുഷന്മാരും സ്ത്രീകളും സൗദി ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ഡാറ്റാബേസിലേക്ക് പ്രവേശനം ലഭിച്ചു.
ഇതോടെ ഈ സംവിധാനത്തിന് വിധേയരായ മൊത്തം തൊഴിലാളികളുടെ എണ്ണം 2.14 ദശലക്ഷമായി. സിവില്‍ സര്‍വീസ് നിയമത്തിന് വിധേയരായ സൗദി പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം ഏകദേശം 26,000 ആയി ഉയര്‍ന്നു. രണ്ട് ശതമാനം വര്‍ദ്ധനവോടെ ആകെ 1.21 ദശലക്ഷമായി ഉയര്‍ന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല