1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2023

സ്വന്തം ലേഖകൻ: പത്തില്‍ താഴെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളില്‍ നിന്ന് 2024 മാര്‍ച്ച് മുതല്‍ ലെവി ഇടാക്കാന്‍ തീരുമാനം. കുറഞ്ഞ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് നേരത്തേ അനുവദിച്ച ലെവി ഇളവ് ഇനി നീട്ടിനല്‍കില്ലെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ശഅ്ബാന്‍ 15 (ഫെബ്രുവരി 25) വരെയാണ് സൗദി മന്ത്രിസഭ ഇളവ് പ്രഖ്യാപിച്ചിരുന്നത്.

മൂന്നുമാസം കൂടി കഴിഞ്ഞാല്‍ ഇഖാമ പുതുക്കാന്‍ ചെറുകിട സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പേരില്‍ ലെവി അടയ്ക്കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. പത്തില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ലെവിയിളവ് നേരത്തെ മൂന്നു വര്‍ഷത്തേക്കായിരുന്നു അനുവദിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ സമയപരിധി അവസാനിക്കാനിരിക്കെ സൗദി മന്ത്രിസഭ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു.

സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്ന നയത്തിന്റെ ഭാഗമായാണ് വിദേശികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയത്. ചെറുകിട സ്ഥാപനം നടത്തുന്ന സൗദി പൗരന്‍മാര്‍ക്ക് അധികബാധ്യത വരുന്നത് ലഘൂകരിക്കുന്നതിനും വിപണിയില്‍ പിടിച്ചുനിര്‍ത്തുന്നതിനും വേണ്ടിയാണ് ലെവി ഇളവ് നല്‍കിയിരുന്നത്.

സ്ഥാപനം നടത്തുന്നത് സ്വദേശിയാണെങ്കില്‍ മാത്രം ഇളവ് നല്‍കുന്നതിന് ഉടമ ഗോസി (ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്) യില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത ഉടമകളുടെ കീഴിലെ ജീവനക്കാരില്‍ നിന്ന് ലെവി ഈടാക്കിയിരുന്നു.

ഉടമയായ സൗദി പൗരന്‍ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ രണ്ടു വിദേശികള്‍ക്ക് ലെവിയിളവ് ലഭിക്കും. അവര്‍ ഇഖാമ പുതുക്കാന്‍ ലേബര്‍ കാര്‍ഡിന് 100 റിയാലും ജവാസാത്തില്‍ 650 റിയാലും അടച്ചാല്‍ മതി. മറ്റൊരു സൗദി പൗരന്‍ കൂടി ജോലി ചെയ്യുന്ന സ്ഥാപനമാണെങ്കില്‍ നാലു വിദേശികള്‍ക്ക് ലെവിയിളവിന് അര്‍ഹതയുണ്ടാവും. എന്നാല്‍ ഇതിനും സൗദികളായ ജോലിക്കാര്‍ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്.

രാജ്യത്ത് 65 ലക്ഷം പേര്‍ ചെറുകിട, ഇടത്തരം വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് 2023 ആദ്യപകുതി വരെയുള്ള കണക്ക്. ആകെയുള്ള സ്ഥാപനങ്ങളില്‍ 99.5 ശതമാനവും ചെറുകിട, ഇടത്തരം ഗണത്തില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം ആദ്യ പകുതിയില്‍ റിയാദ് പ്രവിശ്യയിലാണ് ഏറ്റവുമധികം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്തതിന്റെ 41 ശതമാനവും തലസ്ഥാന നഗരിയിലാണ്. മക്ക, ദമ്മാം പ്രവിശ്യകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

സര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭിച്ചതിനാല്‍ രാജ്യത്ത് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ 37 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2022ന്റെ ആദ്യപാദത്തില്‍ 75,300 സ്ഥാപനങ്ങളുണ്ടായിരുന്നത് 2023 ആദ്യപാദത്തില്‍ 11,90,000 ആയി ഉയര്‍ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.