സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ലെവി കുടിശ്ശിക അടക്കാതെ തൊഴിലുടമയെ മാറ്റാന്‍ അനുമതി. പ്രവാസികള്‍ക്ക് ലെവി കുടിശ്ശിക ഉണ്ടെങ്കിലും അത് അടക്കാതെ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം. ഇഖാമ പുതുക്കാത്ത തൊഴിലാളികള്‍ക്ക് സ്വന്തം നിലയില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ‘ഖിവ’ വെബ്‌സൈറ്റിലൂടെ പുതിയ തൊഴിലുടമയുടെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ കഴിയും.
സൗദിയിലെ എല്ലാ വിഭാഗം വിദേശ തൊഴിലാളികള്‍ക്കും ഈ നിയമം ബാധകമായി. ഇതോടെ നിലവിലെ തൊഴിലുടമ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറിപ്പോകാനൊരുങ്ങുന്ന തൊഴിലാളികളുടെ ഇഖാമ പുതുക്കണം. തൊഴിലാളി സ്‌പോണ്‍സര്‍ഷിപ്പ് മാറിയാലും ആ തൊഴിലാളിയ്ക്കുള്ള മുഴുവന്‍ ലെവി കുടിശ്ശികയും പഴയ സ്‌പോണ്‍സര്‍ തന്നെ അടക്കേണ്ടി വരും. സ്‌പോണ്‍സര്‍ഷിപ്പ് മാറിയത് മുതലുള്ള ലെവിയും മറ്റ് ഫീസുകളും മാത്രമേ പുതിയ തൊഴിലുടമ അടക്കേണ്ടതുള്ളൂ.
സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിന് പുതിയ തൊഴിലുടമ തൊഴിലാളിയെ ആവശ്യമുണ്ടെന്ന അപേക്ഷ അയക്കണം. ഇതോടെ തൊഴിലാളിക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ ഖിവ പോര്‍ട്ടലില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാവുന്നതാണ്. പഴയ തൊഴിലുടമ അടക്കാത്ത ലെവിയും ഇഖാമ ഫീസും അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിലനിര്‍ത്തി പുതിയ തൊഴിലുടമയിലേക്ക് മാറുന്നെന്ന ഓപ്ഷനാണ് ഖിവ പോര്‍ട്ടലില്‍ തൊഴിലാളികള്‍ തെരഞ്ഞെടുക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല