സ്വന്തം ലേഖകൻ: സൗദിയിൽ താമസിക്കുന്ന എല്ലാ പ്രവാസികളും കുടുംബാംഗങ്ങളുടെ വിരലടയാളം ജവാസത്ത് സിസ്റ്റത്തിൽ രേഖപ്പെടുത്തണം എന്ന നിർദേശവുമായി അധികൃതർ. ആറ് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരും തങ്ങളുടെ വിരലടയാളം ജവാസത്തിൽ രേഖപ്പെടുത്തണം. സൗദിയിലുള്ള എല്ലാ വിദേശികളും അവരുടെ കുടുംബാംഗങ്ങളും നിർബന്ധമായും ജവാസത്ത് ഓഫീസുകളിലെത്തി അവരുടെ വിരലടയാളം നൽകണം എന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
വ്യക്തികളുടെ രൂപഭാവത്തിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ ഇഖാമയിലുള്ള ഫോട്ടോ മാറ്റണം എന്ന നിർദേശവും ജവാസത്ത് അറിയിച്ചിട്ടുണ്ട്. പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും വിരലടയാളം നൽകുന്നത് വേഗത്തിലാക്കണം എന്നും ജവാസത്ത് സേവനങ്ങൾ നൽകുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടു വന്നിരിക്കുന്നതെന്നും ജവാസത്ത് വ്യക്തമാക്കി.
എക്‌സിറ്റ്/റീ എൻട്രി വീസയിൽ പോകുന്ന വിദേശികൾക്ക് അവരുടെ സാധുവായ വീസയുടെ അവസാന ദിവസം വരെ രാജ്യത്തേക്ക് മടങ്ങാൻ കഴിയുമെന്ന് സൗദി അധികൃതർ അടുത്തിടെ നിയമം പുറത്തുവിട്ടിരുന്നത്. അബ്‌ഷർ പ്ലാറ്റ്‌ഫോം വഴിയോ മുഖീം പോർട്ടൽ വഴിയോ അനുബന്ധ ഫീസ് അടച്ചതിന് ശേഷം ഇലക്ട്രോണിക് ആയി വീസ നീട്ടാൻ കഴിയും.
പ്രവാസിയുടെ പാസ്‌പോർട്ടിന് കുറഞ്ഞത് 60 ദിവസമെങ്കിലും സാധുത ഉണ്ടായിരിക്കണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സൗദിയിൽ വലിയെരു വിഭാഗം പ്രവാസികൾ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ 32.2 ദശലക്ഷം വിദേശികൾ ആണെന്ന് കണക്കുകൾ പറയുന്നു.
സൗദി അറേബ്യയിലെ മൊത്തത്തിലുള്ള പ്രവാസികളിൽ 2.1 മില്യൺ ഏകദേശം 15.08 ശതമാനം ബംഗ്ലാദേശി പൗരന്മാർ ആണ്. 1.88 ദശലക്ഷം ഇന്ത്യക്കാരും 1.81 ദശലക്ഷവുമായി പാക്കിസ്ഥാനികളും ആണ് ഉള്ളതെന്ന് സൗദി സ്റ്റേറ്റ് ടിവി അൽ ഇഖ്ബാരിയ പുറത്തുവിട്ട കണക്കുകൾ പറയുന്നു. 1.8 ദശലക്ഷവുമായി യെമനികൾ, 1.4 ദശലക്ഷവുമായി ഈജിപ്തുകാരും 819,000 സുഡാനികളും 725,000 ഫിലിപ്പിനോകളും 449,000 സിറിയക്കാരും ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല