1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2023

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ മേഖലയിലെ തൊഴിലാളിക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ കഴിയുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം. എന്നാല്‍, തൊഴില്‍ കരാറിലോ സ്ഥാപനത്തിന്റെ ബൈലോയിലോ രണ്ടു ജോലി ചെയ്യുന്നത് വിലക്കുന്ന വ്യവസ്ഥ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ലേബര്‍ അതോറിറ്റി വ്യക്തമാക്കി.

എക്‌സ് പ്ലാറ്റ്‌ഫോമില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉപയോക്താക്കളുടെ സേവനങ്ങള്‍ക്കായുള്ള എക്‌സ് പ്ലാറ്റ്‌ഫോമിലെ ബെനിഫിഷ്യറി കെയര്‍ അക്കൗണ്ടിലാണ് ഈ വിശദീകരണം. ഇതു സംബന്ധിച്ച് ഒരു ഉപയോക്താവ് ഉന്നയിച്ച ചോദ്യത്തിനാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ട് ജോലികള്‍ സംയോജിപ്പിക്കാന്‍ അനുവാദമുണ്ട് എന്ന് മന്ത്രാലയം മറുപടി നല്‍കിയത്.

രണ്ട് ജോലികള്‍ സംയോജിപ്പിക്കുന്നതിന് തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാക്കിയ നിലവിലെ കരാറില്‍ എതിര്‍പ്പ് ഉണ്ടായിരിക്കാന്‍ പാടില്ല. മാത്രമല്ല, സ്ഥാപനത്തിന്റെ ആഭ്യന്തര നിയമങ്ങളിലും ഇതിനെ എതിര്‍ക്കുന്ന വ്യവസ്ഥകല്‍ ഉണ്ടാവരുത്.

രാജ്യത്തെ തൊഴില്‍ വിപണിയുടെ ആകര്‍ഷണീയതയും മത്സരക്ഷമതയും വര്‍ധിപ്പിക്കുന്നതിനും വിപണിയെ നിയന്ത്രിക്കാനും സമീപ വര്‍ഷങ്ങളില്‍ സൗദി അറേബ്യ ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുമായുണ്ടാക്കിയ തൊഴില്‍ കരാറുകള്‍ മാനവ വിഭവശേഷി മന്ത്രാലയത്തില്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ പദ്ധതി ഈ വര്‍ഷം ആദ്യത്തില്‍ ആവിഷ്‌കരിച്ചിരുന്നു. ഇതിനായി ക്വിവ (qiwa ) പ്ലാറ്റ്‌ഫോം രൂപീകരിച്ചു.

സ്വകാര്യമേഖല സ്ഥാപനങ്ങള്‍ ചുരുങ്ങിയത് 80 ശതമാനം ജീവനക്കാരുടെയെങ്കിലും തൊഴില്‍ കരാറുകള്‍ ഈ വര്‍ഷം മൂന്നാംപാദത്തില്‍ സമര്‍പ്പിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. ക്വിവ പ്ലാറ്റ്ഫോം വഴി 2023 ന്റെ ആദ്യ പാദത്തില്‍ 20 ശതമാനം ജീവനക്കാരുടെ കരാറുകളും രണ്ടാം പാദത്തില്‍ 50 ശതമാനം കരാറുകളുമാണ് സമര്‍പ്പിക്കേണ്ടിയിരുന്നത്. നിയമംപാലിക്കാന്‍ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്.

തൊഴിലാളിയുടെയും ജീവനക്കാരന്റെയും അവകാശങ്ങള്‍ ഒരു പോലെ സംരക്ഷിക്കുന്നതിനും ജീവനക്കാരുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണിത്. രാജ്യത്ത് സുസ്ഥിരമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും തൊഴില്‍ വിപണി മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനത്തില്‍ 2020ല്‍ സൗദി അറേബ്യ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. തൊഴിലുകള്‍ മാറുന്നതിനുള്ള നിയന്ത്രണത്തില്‍ ഇളവുവരുത്തുകയും തൊഴിലുടമകളുടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളികള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി എക്‌സിറ്റ്, റീ എന്‍ട്രി വീസ അനുവദിക്കുകയും ചെയ്തു.

സൗദി അറേബ്യക്ക് പുറത്ത് യാത്ര ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഇഖാമ കാലാവധി കഴിഞ്ഞാല്‍ തൊഴിലാളിക്ക് സ്‌പോണ്‍സറുടെ അനുവാദമില്ലാതെ പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.