സ്വന്തം ലേഖകന്‍: സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച മലയാളി നഴ്‌സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ അനുമോദനം. വിമാനത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനു പ്രാഥമികചികിത്സ നല്‍കി ജീവന്‍ രക്ഷിച്ച മലയാളി നഴ്‌സുമാരായ ഉപ്പുതറ വാളികുളം കരോള്‍ ഫ്രാന്‍സിസിന്റെ ഭാര്യ എ.പി.ജോമോള്‍, എറണാകുളം സ്വദേശിനി നീനാ ജോസ് എന്നിവരെയാണ് സൗദി സര്‍ക്കാര്‍ പ്രശസ്തിപത്രം നല്‍കി അനുമോദിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറിന് കൊച്ചിയില്‍നിന്ന് ജിദ്ദയിലേക്കു പോയ സൗദി എയര്‍ലൈന്‍സിലെ യാത്രക്കാരന്‍ വാഴക്കാട് സ്വദേശി മുഹമ്മദിനാണ്(77) ദേഹാസ്വാസ്ഥ്യമുണ്ടായത്. വിവരം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇരുവരുംചേര്‍ന്നു പ്രാഥമികചികിത്സ നല്‍കി. തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി മുഹമ്മദിനെ ആശുപത്രിയിലാക്കി.
സൗദി കുന്‍ഷുദ ഗവ. ആശുപത്രിയിലെ നഴ്‌സുമാരാണ് ജോമോളും നീനാ ജോസും. അവധിക്കു വീട്ടിലെത്തി മടങ്ങുകയായിരുന്നു ഇരുവരും. മലയാളി നഴ്‌സുമാരുടെ സമയോചിതമായ ഇടപെടല്‍കാരണം യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായ വിവരം എയര്‍ലൈന്‍സ് അധികൃതരാണ് സൗദി സര്‍ക്കാരിനെ അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഷാമി അല്‍ അദിഖി ആശുപത്രിയിലെത്തി പ്രശസ്തിപത്രം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല