സ്വന്തം ലേഖകൻ: യമനില്‍ ഹൂത്തികളുടെ ആക്രമണത്തില്‍ സൗദി അറേബ്യന്‍ സൈന്യത്തിന്റെ യുദ്ധവിമാനം തകര്‍ന്നു വീണു. ടൊര്‍ണാഡോ വിമാനമാണ് വടക്കന്‍ യമനിലെ അല്‍ ജൗഫ് പ്രവിശ്യയില്‍ തകര്‍ന്ന് വീണതെന്ന് സൗദി സൈന്യം സ്ഥിരീകരിച്ചു. ഏറെ കാലത്തിന് ശേഷം സൗദി സൈന്യത്തിന് നേരെ ഹൂത്തികള്‍ നടത്തുന്ന ശക്തമായ ആക്രമണമാണിത്. ഭൂതല വ്യോമ മിസൈല്‍ ഉപയോഗിച്ചാണ് സൗദി സൈന്യത്തിന്റെ യുദ്ധവിമാനം തകര്‍ത്തതെന്ന് ഹൂത്തികള്‍ അവകാശപ്പെട്ടു.
അതേസമയം, അല്‍ ജൗഫ് പ്രവിശ്യയില്‍ പിന്നീട് നടന്നത് ശക്തമായ ആക്രണമാണ്. സൗദി-യുഎഇ സൈന്യം വ്യാപകമായ വ്യോമാക്രമണം നടത്തുകയായിരുന്നു. 31 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ശക്തമായി തിരിച്ചടിക്കുമെന്നാണ് ഹൂത്തികളുടെ മുന്നറിയിപ്പ്.
അല്‍ ജൗഫില്‍ സൗദി സൈന്യം നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ കൃത്യമായി പറയാന്‍ സാധിക്കില്ലെന്ന് ഹൂത്തികള്‍ പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോലും സാധിക്കാത്ത വിധമായിരുന്നു ആക്രമണമെന്ന് അവര്‍ പറയുന്നു. സൗദി വിമാനം തകര്‍ക്കപ്പെട്ട അതേ സ്ഥലത്താണ് സൈന്യം തിരിച്ചടിച്ചത്.
ഭൂതല വ്യോമ മിസൈല്‍ ഉപയോഗിച്ചാണ് സൗദി സൈന്യത്തിന്റെ യുദ്ധവിമാനം ഹൂത്തികള്‍ തകര്‍ത്തത്. തദ്ദേശീയമായി മിസൈല്‍ നിര്‍മിക്കാന്‍ ഹൂത്തികള്‍ക്ക് ശക്തിയുണ്ടെന്ന് സൗദി കരുതുന്നില്ല. മിസൈല്‍ നല്‍കിയതിന് പിന്നില്‍ ഇറാനാകുമെന്നും സൗദി സഖ്യം സംശയിക്കുന്നു.
സൗദി സഖ്യത്തിന്റെ ആക്രമണത്തില്‍ 31 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് യുഎന്‍ പ്രതിനിധികള്‍ പറയുന്നത്. ഒട്ടേറെ പേര്‍ക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ മരുന്നുകള്‍ നല്‍കിയെന്നും ചിലരെ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല