സ്വന്തം ലേഖകൻ: വിമാനങ്ങൾ വൈകിയാലും റദ്ദാക്കിയാലും യാത്രക്കാർക്ക് നഷ്ടപരിഹാരം ഇരട്ടിയാക്കി സൗദി അറേബ്യ. ആറ് മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനത്തിലെ യാത്രക്കാർക്ക് 750 റിയാൽ നഷ്ടപരിഹാരം നൽകണം. ലഗേജ് നഷ്ടമായാലും കേടു വരുത്തിയാലും ഒരു ലക്ഷം രൂപയിലേറെ നഷ്ടപരിപാരം കിട്ടും. പരിഷ്കരിച്ച നിയമം ഈ വർഷം നവംബർ 20ന് പ്രാബല്യത്തിലാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
വിമാന കമ്പനികളിൽ നിന്നും യാത്രക്കാർ നേരിടാറുള്ള വിവിധ പ്രശ്നങ്ങൾക്കുള്ള നഷ്ടപരിഹാരവും ആനുകൂല്യങ്ങളും വർധിപ്പിച്ചുകൊണ്ടാണ് നിയമാവലി പരിഷ്കരിച്ചത്. യാത്രയ്ക്ക് കാലതാമസം നേരിടൽ, സർവീസ് നേരത്തെയാക്കൽ, റദ്ദാക്കൽ, ഓവർ ബുക്കിംഗ് കാരണം സീറ്റ് നിഷേധിക്കൽ, സീറ്റ് തരം താഴ്ത്തൽ, ബുക്കിംഗ് നടത്തുമ്പോൾ ഇല്ലാതിരുന്ന സ്റ്റോപ്പോവർ പിന്നീട് ഉൾപ്പെടുത്തൽ, തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.
ആറ് മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനത്തിലെ യാത്രക്കാർക്ക് 750 റിയാൽ സാമ്പത്തിക നഷ്ടപരിഹാരം നൽകുന്നതിന് പുറമെ ഭക്ഷണം, ഹോട്ടൽ താമസം, ഗതാഗതം തുടങ്ങിയ സേവനങ്ങളും വിമാന കമ്പനി നൽകേണ്ടതാണ്. യാത്ര റദ്ധാക്കിയാൽ ടിക്കറ്റ് നിരക്കിൻ്റെ 150 ശതമാനം വരെ നഷ്ടപരിഹാരം നൽകാൻ വിമാന കമ്പനി ബാധ്യസ്ഥരായിരിക്കും. ചില സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൻ്റെ 200 ശതമാനം വരെ സാമ്പത്തിക നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും പരിഷ്കരിച്ച നിയമാവലി വ്യക്തമാക്കുന്നു.
ബാഗേജ് നഷ്ടപ്പെടുന്ന യാത്രക്കാർക്ക് 6,568 റിയാലിന് തുല്യമായ തുകയാണ് നഷ്ടപരിഹാരം ലഭിക്കുക. ബാഗേജ് കേടാവുകയോ ലഭിക്കാൻ കാലതാമസം നേരിടുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും 6,568 റിയാലിൽ കവിയാത്ത തുക നഷ്ടപരിഹാരം ലഭിക്കും. അംഗപരിമിതരായ യാത്രക്കാരുടേയും ഹജ്, ഉംറ സർവീസുകൾ പോലെയുള്ള ചാർട്ടർ ഫ്‌ളൈറ്റുകളിലെ യാത്രക്കാരുടെയും അവകാശങ്ങളും ഉറപ്പ് വരുത്തുന്നതാണ് പരിഷ്കരിച്ച നിയമാവലി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല