![](https://www.nrimalayalee.com/wp-content/uploads/2022/01/Saudi-Houthis-Air-Strike.jpg)
സ്വന്തം ലേഖകൻ: സൗദിയിലും അബുദാബിയിലുമായി ഹൂത്തി വിമതര്‍ ഇന്നലെ നടത്തിയ ഭീകരാക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് സൗദിയും യുഎഇയും. ആക്രമണങ്ങളെ തുടര്‍ന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഹൂത്തികള്‍ക്കെതിരേ ഇരു രാജ്യങ്ങളും തുറന്നടിച്ചത്.
സൗദിയിലും അബുദാബിയിലും ഇന്നലെ ഹൂത്തി വിമതര്‍ പരസ്യമായ ഭീകരാക്രമണമാണ് നടത്തിയതെന്ന് സൗദി കിരീടവകാശി അപലപിച്ചു. രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ യുഎഇയില്‍ മൂന്ന് സാധാരണക്കാരാണ് ഇന്നലത്തെ ആക്രമണത്തില്‍ മരിച്ചത്. മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ അബുദാബി കിരീടാവകാശി, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
സൗദിയേയും യുഎഇയേയും ലക്ഷ്യമിട്ടുള്ള ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ ഇരുരാജ്യങ്ങളുടെയും ദൃഢനിശ്ചയം വര്‍ധിപ്പിക്കാനെ ഉപകരിക്കുകയൊള്ളുവെന്നും തിന്മയുടെ ശക്തികള്‍ നടത്തുന്ന ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളെ തുടര്‍ന്നും ശക്തമായി തന്നെ നേരിടുമെന്നും ഇരുനേതാക്കളും ആവര്‍ത്തിച്ച് പറഞ്ഞു.
ഹൂത്തികള്‍ യെമനില്‍ നാശം വിതച്ചു കൊണ്ടിരിക്കുകയാണ്. യെമനിലെ സാധാരണ ജനതയെ കൊന്നൊടുക്കുാനും, മേഖലയെ അസ്ഥിരപ്പെടുത്താനുമാണ് ഹൂത്തികള്‍ തങ്ങളുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത്.
അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനങ്ങള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ ഇത്തരം തീവ്രവാദ കുറ്റകൃത്യങ്ങളെ ശക്തമായി എതിര്‍ക്കുന്നതായും അപലപിക്കുന്നതായും ഇരുവരും പറഞ്ഞു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ആത്മാര്‍ത്ഥ പിന്തുണയ്ക്ക് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നന്ദി രേഖപ്പെടുത്തി. ഇത് ഇരു രാജ്യങ്ങളെയും ജനങ്ങളെയും ഒന്നിപ്പിക്കുകയാണെന്നും ഭീകരതയ്ക്കും ഭീഷണികള്‍ക്കുമെതിരെ ഐക്യത്തോടെ പോരാടാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം, അബുദാബി ആക്രമണത്തിന് പിന്നാലെ ഇന്നലെ തന്നെ സൗദി സഖ്യസേന സനയിലെ ഹൂതികളുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം ആരംഭിച്ചിട്ടുണ്ട്. വ്യോമസേന 24 മണിക്കൂറും വ്യോമാക്രമണം തുടരുമെന്ന് സഖ്യസേന അറിയിച്ചു. അതിനാല്‍ സാധാരണക്കാര്‍ സ്വന്തം സുരക്ഷയ്ക്കായി ഹൂതി ക്യാമ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സഖ്യസേന ആവശ്യപ്പെട്ടു.
ഉപയോഗത്തിലുണ്ടായിരുന്ന ഹൂത്തികളുടെ രണ്ട് ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളാണ് സഖ്യം ഇന്നലെ നശിപ്പിച്ചത്. കൂടാതെ സൗദിയെ ലക്ഷ്യമിട്ട് ഹൂത്തികള്‍ അയച്ച എട്ട് ബോംബ് ഡ്രോണുകളെയും തകര്‍ത്തതായി സൗദി സഖ്യസേന അറിയിച്ചു.
അറബ് രാഷ്ട്രങ്ങള്‍ക്ക് പുറമേ, ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സുമടക്കം നിരവധി ലോക രാഷ്ട്രങ്ങളാണ് ഹൂത്തി ആക്രമണത്തെ അപലപിച്ച് ഇതിനകം രംഗത്തുവന്നിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല