സ്വന്തം ലേഖകൻ: നഷ്ടപ്പെട്ടുപോയ സൗദി ദേശീയ ഐഡന്റിറ്റി കാര്‍ഡുകള്‍ക്ക് പകരമായി പുതിയ കാര്‍ഡുകള്‍ ഇനി മുതല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനായി ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അബ്ശിറിലെ ഇ-സേവനം വഴി ഔദ്യോഗികമായി നല്‍കപ്പെടുന്ന പകരം ഐഡികള്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗുണഭോക്താവിന്റെ തപാല്‍ വിലാസത്തിലേക്ക് അയച്ചു നല്‍കുകയാണ് ചെയ്യുക.
ആഭ്യന്തര മന്ത്രാലയത്തിലെ സിവില്‍ സ്റ്റാറ്റസ് ആക്ടിംഗ് അണ്ടര്‍സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്യയാണ് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തത്. സൗദി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്ന അബ്ശിര്‍ പ്ലാറ്റ്‌ഫോം സിവില്‍ സ്റ്റാറ്റസുമായി ബന്ധപ്പെട്ട മറ്റ് നിരവധി ഇ സേവനങ്ങളും പുതുതായി ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സുരക്ഷാ, സിവില്‍ സ്റ്റാറ്റസ് മേഖലകളിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ആഭ്യന്തര മന്ത്രി രാജകുമാരന്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫിന്റെ പിന്തുണയോടെയാണ് നിരവധി വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ലെഫ്റ്റനന്റ് ജനറല്‍ അല്‍ യഹ്‌യ ചൂണ്ടിക്കാട്ടി. സൗദി മാതാവിന്റെ വിലാസത്തില്‍ രേഖകള്‍ എത്തിക്കുന്നതിനുള്ള സംവിധാനത്തോടെ നവജാതശിശുക്കളുടെ ഇലക്ട്രോണിക് രജിസ്‌ട്രേഷനും പുതുതായി ആരംഭിച്ച ഇ-സേവനങ്ങളില്‍ ഉള്‍പ്പെടുന്നതാണ്.
അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ ഈ സേവനങ്ങള്‍ കൂടി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാവുന്നതോടെ സിവില്‍ സ്റ്റാറ്റസ് ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ സേവനങ്ങള്‍ ലഭിക്കാന്‍ ഇത് വഴിയൊരുക്കും. ഗുണഭോക്താക്കള്‍ക്ക് സമയം ലാഭിക്കുന്നതിനും സിവില്‍ സ്റ്റാറ്റസ് സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക് ഇടപാടുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനങ്ങള്‍. സാമ്പത്തിക ഇടപാടുകളും നടപടിക്രമങ്ങളും സുഗമമാക്കുന്നതിന് ആവശ്യമായ സ്മാര്‍ട്ട് സൊല്യൂഷനുകള്‍ക്കും ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കും അനുസൃതമായാണ് അബ്ശിറില്‍ ഇ-സേവനങ്ങള്‍ ആരംഭിക്കുന്നതെന്നും ലഫ്റ്റനന്റ് ജനറല്‍ അല്‍ യഹ്‌യ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല