സ്വന്തം ലേഖകൻ: ഒരാഴ്ചയ്ക്കിടെ സൗദിയുടെ വിവിധ മേഖലകളില്‍ തൊഴില്‍, ഇഖാമ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ച 11,915 ഓളം പേരെ അറസ്റ്റ് ചെയ്തു. ജൂലൈ 6 മുതല്‍ 12 വരെയുള്ള ആഴ്ചയില്‍ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ സംയുക്ത ഫീല്‍ഡ് കാമ്പെയ്‌നിനിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറസ്റ്റിലായവരെ നിയമനടപടികള്‍ക്കു ശേഷം നാടുകടത്തും. ഇഖാമ നിയമലംഘനത്തിന് 6,359 പേരും അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് 3,753 പേരും തൊഴില്‍ നിയമലംഘനത്തിന് 1,803 പേരുമാണ് ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത്.
രാജ്യത്തേക്ക് അതിര്‍ത്തിയിലൂടെ അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 675 പേരെയാണ് പിടികൂടിയത്. ഇവരില്‍ 54% യെമനികളും 44% എത്യോപ്യക്കാരും 2% മറ്റ് രാജ്യക്കാരുമാണ്. 197 നിയമലംഘകര്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുകടക്കാന്‍ അതിര്‍ത്തിയിലെത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്.
താമസ, തൊഴില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നല്‍കുകയും ചെയ്തവരും നിയമലംഘനങ്ങള്‍ അറിഞ്ഞിട്ടും സുരക്ഷാവിഭാഗങ്ങളെ അറിയിക്കാതിരിക്കുകയും ചെയ്ത അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ കുറേ ആഴ്ചകളിലായി പിടിയിലായ 35,700 നിയമലംഘകരെ നിയമനടപടിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. ഇവരില്‍ 29,620 പേര്‍ പുരുഷന്മാരും 6,080 പേര്‍ സ്ത്രീകളുമാണ്. 26,161 നിയമലംഘകരെ നാടുകടത്തുന്നതിനുള്ള യാത്രാരേഖകള്‍ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. രേഖകള്‍ ലഭിച്ച 3,407 നിയമലംഘകരെ വിമാന ടിക്കറ്റ് ഉള്‍പ്പെടെ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ റഫര്‍ ചെയ്തു. 4,508 നിയമലംഘകരെ നാടുകടത്തി.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ഗതാഗത സൗകര്യം നല്‍കുകയോ അഭയം നല്‍കുകയോ ജോലി നല്‍കുകയോ ഏതെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരം നിയമലംഘകര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും താമസ സൗകര്യങ്ങള്‍ നല്‍കിയ കെട്ടിടങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല