സ്വന്തം ലേഖകൻ: താമസം, ജോലി, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് സൗദി അധികൃതര്‍ ഒരാഴ്ചയ്ക്കിടെ 19,746 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പിടിയിലായവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും.
മാര്‍ച്ച് ഒമ്പത് ശനിയാഴ്ച മുതല്‍ 15 വെള്ളിയാഴ്ച വരെയുള്ള കണക്കാണിത്.
റമദാന്‍ കാലത്തും പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ പിടിക്കപ്പെടുന്ന നിയമലംഘകരുടെ എണ്ണത്തില്‍ മാറ്റമൊന്നുമില്ലെന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍. താമസ നിയമങ്ങള്‍ ലംഘിച്ചതിന് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നായി ഒരാഴ്ചയ്ക്കിടെ 11,250 പേരെ അറസ്റ്റ് ചെയ്തു. അതിര്‍ത്തിനിയമങ്ങള്‍ ലംഘിച്ചതിന് 5,511 പേരും തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് 2,985 പേരും ഏഴ് ദിവസത്തിനിടെ പിടിയിലായി.
അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 972 പേര്‍ അറസ്റ്റിലായി. ഇവരില്‍ 47 ശതമാനം യെമനികളും 50 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരും ആണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. സൗദിയില്‍ നിന്ന് രേഖകകളില്ലാതെ അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് 109 പേരും പിടിയിലായി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നല്‍കിയതിനും 24 പേരെ കസ്റ്റഡിയിലെടുത്തു.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് വാഹന സൗകര്യവും പാര്‍പ്പിടം, ജോലി ഉള്‍പ്പെടെ മറ്റു സൗകര്യങ്ങളും നല്‍കുന്നത് വലിയ ക്രിമിനല്‍ കുറ്റകൃത്യമാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. കേസില്‍ പിടിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും വാഹനങ്ങളും കെട്ടിടങ്ങളും ജപ്തിചെയ്യുകയും ചെയ്യും. ഇവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രതികളുടെ ചെലവില്‍ പരസ്യപ്പെടുത്തുകയും ചെയ്യും.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മക്ക, റിയാദ് മേഖലകളിലെ ടോള്‍ ഫ്രീ നമ്പറായ 911ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ 999 അല്ലെങ്കില്‍ 996 നമ്പറുകളിലും റിപോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല