1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2023

സ്വന്തം ലേഖകൻ: സൗദിയില്‍ അനധികൃത താമസക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള റെയിഡുകള്‍ ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടികൂടപ്പെട്ട 7557 പ്രവാസികളെ നാടുകളിലേക്ക് തിരിച്ചയച്ചതായി സൗദി ആഭഅയന്തര മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവില്‍ 12,777 പ്രവാസികളെ പുതുതായി പോലീസ് അറസ്റ്റ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.

ജൂണ്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. താമസ, വീസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്തുന്നതിനായി വിവിധ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ തിരച്ചിലിലാണ് ഇത്രയും പേര്‍ പിടിയിലായതെന്നും പരിശോധനകള്‍ വരും ദിവസങ്ങളില്‍ ശക്തമായി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വീസ കാലാവധി അവസാനിച്ച ശേഷം അത് പുതുക്കുകയോ മറ്റൊരു തൊഴിലിലേക്ക് മാറുകയോ ചെയ്യാതെ രാജ്യത്ത് തുടരുക, വിവിധ കേസുകളില്‍ അകപ്പെടുക, തൊഴില്‍ വീസകളിലല്ലാതെ വിസിറ്റ്, ടൂറിസ്റ്റ്, തീര്‍ഥാടന വീസകളില്‍ വന്ന് നിശ്ചിത കാലാവധിക്ക് ശേഷം തിരികെ പോവാതെ രാജ്യത്ത് തുടരുക, യഥാര്‍ഥ തൊഴിലുടമയുടെ കീഴിലല്ലാതെ മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുക, വീസയില്‍ പറഞ്ഞതല്ലാത്ത ജോലിയില്‍ ഏര്‍പ്പെടുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് ഇത്രയും പേര്‍ പിടിയിലായതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വീസ നിയമങ്ങള്‍ ലംഘിച്ചതിനാണ് കൂടുതല്‍ പേരും അറസ്റ്റിലായത്. 6,695 പേരാണ് ഇത്തരം നിയമ ലംഘനങ്ങളുടെ പേരില്‍ പിടിയിലായത്. ഇതുകൂടാതെ 3,960 പേര്‍ അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 2,122 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും പിടിയിലായി.

നിയമ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവെ 628 പേരെ കൂടി അതിര്‍ത്തി പ്രദേശങ്ങളില്‍ വച്ച് രക്ഷാസേന അറസ്റ്റ് ചെയ്തു. ഇവരില്‍ 60 ശതമാനം പേര്‍ യമനികളും 38 ശതമാനം പേര്‍ എത്യോപ്യക്കാരും ബാക്കി രണ്ടു ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.

ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്ത് കടക്കാന്‍ ശ്രമിക്കവെ 149 പേരെയും അതിര്‍ത്തി രക്ഷാ സേന കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു. രാജ്യത്ത് വീസയില്ലാതെ കഴിയുന്നവര്‍ക്ക് താമസം ഒരുക്കിനല്‍കുകയും തൊഴില്‍ വീസയില്ലാതെ ജോലിക്ക് നിര്‍ത്തുകയും നിയമലംഘകര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്തതിന് 12 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവരെയും അവയ്ക്ക് കൂട്ടുനില്‍ക്കുന്നവരെയും 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് കാത്തിരിക്കുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇവരെ താമസിപ്പിച്ച കെട്ടിടങ്ങളും സഹായിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടുകയും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം അനധികൃത താമസക്കാരെയും നിയമ ലംഘകരെയും കുറിച്ച് വിവരമുള്ളവര്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം കൈമാറണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.