സ്വന്തം ലേഖകൻ: സൗദിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ ആദ്യ ദിനം ഒപ്പിട്ടത് 1500 കോടി ഡോളറിന്റെ കരാറുകൾ. മൂന്ന് ദിവസത്തെ സംഗമം ഇന്ന് സമാപിക്കും. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് റിയാദിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമം “ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനിഷ്യേറ്റിവിന്റെ ആദ്യ ദിവസം 1500 കോടി ഡോളറിന്‍ഖെ കരാറുകൾ ഒപ്പിട്ടതായി സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയാണ് അറിയിച്ചത്.
23 കരാറുകളാണ് ഇന്നലെ ഒപ്പിട്ടത്. ഊർജ്ജം, പെട്രോകെമിക്കൽസ്, സാങ്കേതിക വിദ്യ, ജലം, ലോജിസ്റ്റിക്‌സ് സേവനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപ പദ്ധതികളുടെ കരാറുകളാണ് ഇത്. സൗദിയേയും ബഹ്‌റിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയ്ക്കു സമാന്തരമായി പുതിയ കടൽ പാലം നിമ്മിക്കുന്നതിനുള്ള കൺസൾട്ടൻസി കരാറിലും ഇന്നലെ ഒപ്പുവെച്ചു. 25 കിലോമീറ്റർ നീളത്തിലാണ് പുതിയ സമാന്തര പാലം നിർമ്മിക്കുന്നത്.
വിവിധ രാജ്യങ്ങളുടെ തലവന്മാരും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വ്യാവസായിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന നിക്ഷേപക സംഗമത്തിന്റെ ആദ്യ ദിവസമായ ഇന്നലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചത്. 30 രാജ്യങ്ങളിൽ നിന്നായി 300 പേരാണ് സംഗമത്തിൽ സംസാരിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന നിക്ഷേപക സംഗമത്തിൽ ആറായിരത്തോളം പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല