1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2021

സ്വന്തം ലേഖകൻ: സൗദി പ്രവാസികളുടെ ഇഖാമ ലെവി ഒറ്റത്തവണയായി അടക്കുന്നതിന് പകരം പല തവണകളായി അടക്കാന്‍ സംവിധാനം പ്രാബല്യത്തില്‍. ഇതിനുള്ള സജ്ജീകരണം ബാങ്കുകള്‍ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മാസത്തേക്കോ ആറു മാസത്തേക്കോ മാത്രമുള്ള തുക അടക്കുന്നതിനുള്ള സംവിധാനമാണ് വരുന്നത്. നിലവില്‍ ഓരോ വര്‍ഷവും തൊഴിലാളികളുടെ ലെവി ഒന്നിച്ചടക്കുന്നതാണ് രീതി.

ഇതിനാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. പ്രവാസികളുടെ ഇഖാമ പുതുക്കുന്നതിന് ഈടാക്കുന്ന ആശ്രിത ലെവിയും ഫീസും തവണകളായി അടക്കാന്‍ സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ ജനുവരിയില്‍ സൗദി മാനവ വിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

ഒറ്റത്തവണ വലിയ തുക അടയ്ക്കുന്നതു മൂലമുള്ള സാമ്പത്തിക പ്രയാസം കുറയ്ക്കാന്‍ പുതിയ തീരുമാനം സഹായകമാവും. നിലവില്‍ പ്രതിമാസം 800 റിയാല്‍ എന്ന തോതില്‍ ഒരു വര്‍ഷത്തേക്ക് 9600 റിയാലാണ് ഓരോ തൊഴിലാളിക്കും ലെവി അടക്കേണ്ടത്. ഇത് ഒന്നിച്ച് അടക്കുക പലപ്പോഴും പ്രയാസമാണ്. ഇതാണിപ്പോള്‍ തവണകളായി അടക്കാന്‍ സൗകര്യം ഒരുക്കുന്നത്.

പുതിയ തീരുമാനത്തോടെ മൂന്ന് മാസത്തേക്ക് 2400 റിയാലോ ആറു മാസത്തേക്ക് 48000 റിയാലോ ആയി അടയ്ക്കാം. നൂറു കണക്കിന് ജീവനക്കാരുള്ള വന്‍കിട കമ്പനികള്‍ക്ക് തീരുമാനം ഗുണകരമാകും. തവണകളായി അടയ്ക്കുന്ന രീതി നിലവില്‍ വന്നാല്‍ സൗദിയില്‍ താമസിക്കുന്ന കാലത്തേക്കുള്ള തുക മാത്രം അടച്ചാല്‍ മതിയാവുമെന്ന സൗകര്യവുമുണ്ട്.

നിലവില്‍ ഒരു വര്‍ഷത്തെ തുക മുന്‍കൂറായി നല്‍കേണ്ടി വരുന്നതിനാല്‍ ഒരു മാസം മാത്രം കഴിയുന്നവര്‍ക്കും ഒരു വര്‍ഷത്തെ ലെവി നല്‍കേണ്ട സ്ഥിതിയാണുള്ളത്. ഇത് അനാവശ്യ സാമ്പത്തിക ഭാരം പ്രവാസികള്‍ക്കും കമ്പനി ഉടമകള്‍ക്കും ഉണ്ടാക്കും. അവധിക്കും മറ്റും കുടുംബങ്ങളെ നാട്ടിലേക്ക് അയക്കുന്നവര്‍ക്കും ഇത് ആശ്വാസമാവും. എന്നാല്‍ ഹൗസ് ഡ്രൈവര്‍, ഗാര്‍ഹിക പ്രൊഫഷനുകളിലുള്ളവരുടെ ഇഖാമ ഈ സ്വഭാവത്തില്‍ പുതുക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.