1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2015

സ്വന്തം ലേഖകന്‍: ഭീകരതക്കെതിരായ പോരാട്ടത്തിന് സൗദിയുടെ നേതൃത്വത്തില്‍ വിശാല ഇസ്ലാമിക സൈനിക സഖ്യം രൂപീകരിച്ചു. 34 അറബ്, ആഫ്രിക്കന്‍, ഏഷ്യന്‍ രാഷ്ട്രങ്ങളടങ്ങുന്ന ഈ മുന്നണി ഭീകരതക്കെതിരായ പോരാട്ടത്തില്‍ ലോകത്തിനൊപ്പം അന്താരാഷ്ട്രസഖ്യമായി നിലകൊള്ളുമെന്ന് സൗദി ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് വ്യക്തമാക്കി. ഇതിനുപുറമെ 10 രാഷ്ട്രങ്ങള്‍ സഖ്യത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്.

വിഷയം പഠിച്ച് തീരുമാനമെടുക്കാനുള്ള സാവകാശം ആവശ്യപ്പെട്ട അവര്‍ വൈകാതെ സഖ്യത്തിന്റെ ഭാഗമായി ചേരുമെന്നും അദ്ദേഹം അറിയിച്ചു. റിയാദിലെ കിങ് സല്‍മാന്‍ എയര്‍ബേസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ സൈനികമുന്നേറ്റത്തിന്റെ വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഭീകരതക്കെതിരെ നടന്നുവരുന്ന ചെറുത്തുനില്‍പുകളെ വിലയിരുത്താനും കരുത്തു പകരാനും ഇസ്ലാമികസഖ്യത്തിന് റിയാദില്‍ ഓപറേഷന്‍ റൂം തുടങ്ങും.

ഭീകരതക്കെതിരായി ഇപ്പോള്‍ ഓരോ മുസ്ലിം രാജ്യവും ഒറ്റപ്പെട്ട പോരാട്ടമാണ് നടത്തുന്നത്. ഇവയെ ഏകോപിപ്പിക്കാനും പ്രതിരോധത്തിന്റെ ശൈലിയും രീതിയും വികസിപ്പിച്ച് അതിന് കരുത്തുപകരാനുമാണ് റിയാദില്‍ കേന്ദ്രം സ്ഥാപിക്കുന്നത്. ലോകത്തിന്റെ പ്രമുഖ രാജ്യങ്ങളുമായും അന്തര്‍ദേശീയ പൊതുവേദികളുമായും ഇക്കാര്യത്തില്‍ സഹകരിച്ചുനീങ്ങും. ഭീകരതക്കെതിരെ സൈനികവും ചിന്താപരവും പ്രചാരണപരവുമായ യുദ്ധമാണ് ഉദ്ദേശിക്കുന്നതെന്ന് ഡെപ്യൂട്ടി കിരീടാവകാശി പറഞ്ഞു. ഐ.എസിനെതിരെ മാത്രമല്ല, ഏത് ഭീകരസംഘടനയെയും ചെറുത്തുതോല്‍പിക്കാന്‍ സഖ്യം ബാധ്യസ്ഥമായിരിക്കുമെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഭീകരത എന്ന രോഗം അലട്ടുന്ന മുസ്ലിം ലോകത്തുനിന്നുള്ള താല്‍പര്യപ്രകാരം രൂപംകൊള്ളുന്ന സഖ്യത്തില്‍ മുസ്ലിം രാഷ്ട്രങ്ങള്‍ക്കാണ് ഭൂരിപക്ഷം. സിറിയ, ഇറാഖ്, സീനായ്, യമന്‍, ലിബിയ, മാലി, നൈജീരിയ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഭീകരതകൊണ്ട് പൊറുതിമുട്ടുന്നു. ഇറാഖിലും സിറിയയിലും മാത്രം സൈനികനീക്കം പരിമിതപ്പെടുത്തുന്നതുകൊണ്ട് ഈ രോഗം മാറ്റാന്‍ കഴിയില്‌ളെന്നും സംഘടിതവും ആസൂത്രിതവുമായ ആഗോളശ്രമങ്ങളിലൂടെ മാത്രമേ അതിനാവുകയുള്ളൂവെന്നും അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

സൗദി നയിക്കുന്ന സഖ്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ജോര്‍ഡന്‍, പാകിസ്താന്‍, ബംഗ്‌ളാദേശ്, ബെനിന്‍, തുര്‍ക്കി, ഛാഡ്, ടോഗോ, തുനീഷ്യ, ജിബൂട്ടി, സെനഗല്‍, സിയറാലിയോണ്‍, സോമാലിയ, ഗാബണ്‍, ഗിനിയ, ഫലസ്തീന്‍, കോമോറോസ്, ഐവറി കോസ്റ്റ്, ലബനാന്‍, ലിബിയ, മാലദ്വീപ്, മാലി, മലേഷ്യ, ഈജിപ്ത്, മൊറോക്കോ, മോറിത്താനിയ, നൈജര്‍, നൈജീരിയ, യമന്‍ എന്നീ രാജ്യങ്ങളാണ് ചേരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.