സ്വന്തം ലേഖകൻ: അതിമനോഹരമായ ഒബ്ഹുര്‍ കടല്‍ത്തീരത്തെ ജിദ്ദയിലെ തിരക്കേറിയ വടക്കന്‍, മധ്യ ജില്ലകളുമായി ബന്ധിപ്പിച്ച് അത്യാധുനിക കടല്‍ ടാക്സി സര്‍വീസുകള്‍ ആരംഭിക്കുന്നു. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനും നിരത്തുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും വേണ്ടിയാണിത്. പ്രതിദിനം 29,000 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിധത്തില്‍ കടല്‍ യാത്രാ സര്‍വീസുകള്‍ ആരംഭിക്കാന്‍ ജിദ്ദ പ്രവിശ്യ ഭരണകൂടമാണ് നടപടികള്‍ ആരംഭിച്ചത്.
ഇതിനായി മേഖലയില്‍ 20 അത്യാധുനിക വാട്ടര്‍ ടാക്സി സ്റ്റേഷനുകള്‍ സ്ഥാപിക്കും. നഗരത്തിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്തും ‘ചെങ്കടലിന്റെ റാണി’ എന്നറിയപ്പെടുന്ന മഹാനഗരം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ വരവ് മൂലം ഉണ്ടാകുന്ന ഗതാഗത പ്രശ്നങ്ങള്‍ ലഘൂകരിക്കാനുമാണ് ജലഗതാഗത പദ്ധതി ആവിഷ്കരിച്ചത്. ജിദ്ദയില്‍ സമഗ്രമായ പൊതുഗതാഗത ശൃംഖല കൊണ്ടുവരാന്‍ നിരവധി വികസന പദ്ധതികളാണ് നടപ്പാക്കിവരുന്നത്.
നിരവധി ലൈറ്റ്, എക്സ്പ്രസ് മെട്രോ ലൈനുകളും വിപുലമായ ബസ് സര്‍വീസുകളും ഉള്‍പ്പെടുന്ന ഒരു സംയോജിത പൊതുഗതാഗത ശൃംഖല ജിദ്ദ നഗരസഭ ആവിഷ്കരിച്ചിട്ടുണ്ട്. നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും തടസ്സമില്ലാത്തതും കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിന്റെ തുടര്‍ച്ചയായാണ് വാട്ടര്‍ ടാക്സി സ്റ്റേഷനുകളുടെ നിര്‍മാണവും ആരംഭിച്ചത്. വടക്കന്‍ ജിദ്ദയിലെ മദീന റോഡ് ഇന്റര്സെക്ഷന്, എക്സിബിഷന് റൗണ്ട് എബൗട്ട് ഇന്റര്സെക്ഷന് തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയായി.
40 പാലങ്ങളും തുരങ്കങ്ങളും അടുത്തിടെ നിര്‍മിച്ചു. 2030ലെ സുഗമമായ നഗര ഗതാഗതം മുന്നില്‍കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കിങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റിയെ ജിദ്ദ നഗരവുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മദീന റോഡില്‍ നിന്ന് തുവലിലെ കിങ് അബ്ദുല്ല സയന്‍സ് ആന്‍ഡ് ടെക്നോളജി വരെയുള്ള പാതയിലെ ശേഷിക്കുന്ന ഭാഗങ്ങളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലിയും സര്‍വകലാശാലയിലേക്കുള്ള 70 കിലോമീറ്റര്‍ ലിങ്ക് റോഡ് നിര്‍മാണവും പൂര്‍ത്തീകരിച്ചു.
കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തെയും മക്ക മസ്ജിദുല്‍ ഹറാമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ ഹൈവേയുടെ നിര്‍മാണ ജോലിയുടെ നാലാമത്തേതും അവസാനത്തേതുമായ ഘട്ടവും ആരംഭിച്ചുകഴിഞ്ഞു. 20 കിലോമീറ്റര്‍ റോഡ് പണി മാത്രമാണ് ശേഷിക്കുന്നത്. 73 കിലോമീറ്റര്‍ നീളമുള്ള ദേശീയ പാതയാണിത്. ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ക്ക് 35 മിനിറ്റ് കൊണ്ട് നേരിട്ട് മക്കയിലെത്താന്‍ വേണ്ടിയുള്ളതാണ് ഈ പാത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല