സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ ജീസാനില്‍ ആശുപത്രിയില്‍ വന്‍ അഗ്‌നിബാധ, 25 പേര്‍ മരിച്ചു, തലനാരിഴക്ക് ജീവന്‍ രക്ഷപ്പെട്ട ആശ്വാസത്തില്‍ മലയാളി നഴ്‌സുമാര്‍. അപകടത്തില്‍ 123 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഏറെയും സ്വദേശികള്‍ ആണെന്നാണ് സൂചന. രക്ഷപ്പെട്ടവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ജീസാന്‍ ജനറല്‍ ആശുപത്രിയില്‍ തീപടര്‍ന്നത്. തീവ്ര പരിചരണ വിഭാഗവും മാതൃ, ശിശു സംരക്ഷണ വിഭാഗവും പ്രവര്‍ത്തിക്കുന്ന ഒന്നാം നിലയില്‍ ഉണ്ടായ വൈദ്യുതി തകരാറാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
നഴ്‌സുമാരും ആശുപത്രി ജീവനക്കാരുമടക്കം 60 ലേറെ മലയാളികള്‍ ജോലി ചെയ്യുന്ന ആശുപത്രിയാണിത്. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 20 മലയാളി നഴ്‌സുമാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഒപ്പം രോഗികളില്‍ ചിലരെ ജീവന്‍ പണയം വച്ച് ഇവര്‍ രക്ഷപ്പെടുത്തുകയും ചെയ്തു. കൂടുതല്‍ മരണം സംഭവിച്ച മൂന്നാമത്തെ നിലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരില്‍ നാലുപേര്‍ മലയാളികളായിരുന്നു.
എട്ടു വര്‍ഷമായി ജീസാന്‍ ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ് ഇവരില്‍ പലരും. കോട്ടയം, കണ്ണൂര്‍ സ്വദേശികളാണ് മരണം നാശം വിതച്ച മൂന്നാം നിലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. പ്രാഥമിക ചികിത്സക്ക് ശേഷം നേരം പുലര്‍ന്നപ്പോഴാണ് മലയാളി നഴ്‌സുമാര്‍ വാസ സ്ഥലങ്ങളില്‍ തിരിച്ചത്തെിയത്. അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ആഘാതത്തിലാണ് ഇപ്പോഴും ഇവര്‍.
അതേസമയം തീപിടുത്തം നിയന്ത്രണ വിധേയമായെന്നും ബന്ധപ്പെട്ട വിഭാഗങ്ങള്‍ അപകട കാരണം അന്വേഷിക്കുകയാണെന്നും സിവില്‍ ഡിഫന്‍സ്? ട്വിറ്ററില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല