സ്വന്തം ലേഖകന്‍: സൗദിയിലെ ഓജര്‍ കമ്പനി തൊഴില്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ മൂന്നു മലയാളികള്‍ നാട്ടിലെത്തി. കണ്ണൂര്‍ സ്വദേശികളായ ഷിജോ മാത്യു, പി.പി. ഷബീര്‍, മലപ്പുറം മേലാറ്റൂര്‍ സ്വദേശി മുഹമ്മദ് എന്നിവരാണ് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലത്തെിയത്. സൗദി അധികൃതരാണ് ഇവര്‍ക്ക് വിമാന ടിക്കറ്റും 2000 രൂപയും നല്‍കി നാട്ടിലേക്കയച്ചത്.
സൗദിയില്‍ നിരവധി മേഖലകളില്‍ കരാര്‍ ഏറ്റെടുത്തിരുന്ന ലബനാന്‍ ആസ്ഥാനമായ ഓജര്‍ കമ്പനി സൗദിയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാതെ വിഷമത്തിലാവുകയായിരുന്നു. ഓജക്ക് കീഴില്‍ വിവിധ ഏജന്‍സികളിലായി മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.
ഏഴ് മാസത്തിലേറെയായി ശമ്പളം ലഭിക്കാത്തവരും തൊഴിലാളികളുടെ കൂട്ടത്തിലുണ്ട്. സൗദി ഭരണകൂടത്തിന്റെ കാരുണ്യംകൊണ്ടാണ് ശമ്പളമില്ലാത്ത നാളുകളില്‍ ഭക്ഷണം ലഭിച്ചിരുന്നത്. കമ്പനി ആരെയും പിരിച്ചുവിട്ടിരുന്നില്ല. ശമ്പളം എന്ന് നല്‍കാനാകുമെന്ന് പറയാന്‍ കഴിയില്ലെന്നാണ് കമ്പനി അധികൃതര്‍ തൊഴിലാളികളെ അറിയിച്ചത്. എംബസി അധികൃതരെ സമീപിച്ചപ്പോള്‍ ശമ്പള കുടിശ്ശിക കിട്ടുമ്പോള്‍ അറിയിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടിലത്തെിയ തൊഴിലാളികള്‍ പറഞ്ഞു.
ഓജയുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് പകരം മറ്റേതെങ്കിലും കമ്പനിയുടെ വിസ തേടുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയുള്ളതിനാല്‍ പല കമ്പനികള്‍ക്കും ഏറെനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അതിനാലാണ് മറ്റുകമ്പനികളുടെ വിസ തേടാതെ തല്‍ക്കാലം നാട്ടിലേക്ക് തിരിച്ചതെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല