സ്വന്തം ലേഖകന്‍: സൗദിയില്‍ തൊഴിലുടമ കൈവശം വച്ചിരിക്കുന്ന തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് ഒരു മാസത്തിനകം അവകാശികളെ തിരിച്ചേല്‍പ്പിക്കാന്‍ ഉത്തരവ്. സൗദി തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയമാണ് കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഈ വര്‍ഷം ആദ്യം മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു.
മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം സൗദി ചേംബര്‍ കൗണ്‍സില്‍ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചില തൊഴിലുടമകള്‍ ഇനിയും പാസ്സ്‌പോര്‍ട്ട് തൊഴിലാളിക്ക് നല്‍കിയിട്ടില്ല.
മന്ത്രാലയത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ സൂക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഒരു പാസ്സ്‌പോര്‍ട്ടിന് 2000 സൗദി റിയാല്‍ വെച്ച് പിഴ ഈടാക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബ അല്‍ ഖാലിദ് അറിയിച്ചു. തൊഴിലുടമകളും സ്ഥാപനങ്ങളും കൈവശം വെച്ച പാസ്‌പോര്‍ട്ടുകള്‍ ഉടമകള്‍ക്ക് തരിച്ചുനല്‍കാന്‍ ഒരു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
പാസ്‌പോര്‍ട്ട് വ്യക്തികളുടെ സ്വകാര്യ രേഖയാണെന്നും അവ പിടിച്ചുവെക്കാന്‍ മനുഷ്യാവകാശ നിയമം അനുവദിക്കുന്നില്ലെന്നും ഇത് മനുഷ്യക്കടത്തിന് തുല്യമായ കുറ്റമാണെന്നും സൗദി ദേശീയ മനുഷ്യാവകാശ സൊസൈറ്റി സെക്രട്ടറി ജനറല്‍ ഖാലിദ് അല്‍ ഫകീരി പറഞ്ഞു. തൊഴില്‍ നിയമമനുസരിച്ചും തൊഴിലുടമക്ക് തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കാന്‍ അവകാശമില്ലെന്ന് തൊഴില്‍ മന്ത്രാലയവും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല