സ്വന്തം ലേഖകന്‍: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ഇന്തോനേഷ്യയില്‍ വന്‍ വരവേല്‍പ്പ്, അര നൂറ്റാണ്ടിനിടെ ഇന്തോനേഷ്യ സന്ദര്‍ശിക്കുന്ന ആദ്യ സൗഫി ഭരണാധികാരി. സല്‍മാന്‍ രാജവിന്റെ പന്ത്രണ്ടു ദിവസത്തെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായപ്പോള്‍ പ്രസിഡന്റ് ജോകോ വിഡോഡോയുടെ നേതൃത്വത്തില്‍ രാജാവിനും സംഘത്തിനും ഊഷ്മള വരവേല്‍പ്പാണ് ഒരുക്കിയത്. ജക്കാര്‍ത്തയിലെ ഹലിം എയര്‍പോര്‍ട്ടില്‍ വന്‍ വരവേല്‍പ്പാണ് സല്‍മാന്‍ രാജാവിനും സംഘത്തിനും ലഭിച്ചത്. രാജാവ് കടന്നുപോകുന്ന തെരുവുകളില്‍ ഇന്തോനേഷ്യയുടെയും സൗദി അറേബ്യയുടെയും പതാകകളുമേന്തി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളള വന്‍ ജനാവലി രാജാവിനെ അഭിവാദ്യം ചെയ്തു.
ബൊഗറിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ രാജാവിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ആദര സൂചകമായി 21 പീരങ്കി മുഴക്കി രാജാവിനെ അഭിവാദ്യം ചെയ്തു. ജകാര്‍ത്തയിലെ ഹാലിം വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോ പരിവാര സമേതം എത്തിയത് സന്ദര്‍ശനത്തെ ഇരു രാജ്യങ്ങളും എത്രമാത്രം പ്രധാനപ്പെട്ടതായി കാണുന്നു എന്നതിന് തെളിവായി.
ഏഷ്യന്‍രാജ്യങ്ങളിലെ പര്യടനങ്ങളുടെ ഭാഗമായാണ് സല്‍മാന്‍ രാജാവ് ഇന്തോനേഷ്യയിലത്തെിയത്. രാജ്യത്തെ മതനേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സൗദിയുമായി സാമ്പത്തികസാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്തോനേഷ്യ. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോയുമായി കൂടിക്കാഴ്ച നടത്തിയ രാജാവ് നാളെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. രാജാവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് സൗദിയും ഇന്തോനേഷ്യയും 11 കരാറുകളില്‍ ഒപ്പുവെക്കും. അരാംകോ 6 ബില്യന്‍ ഡോളറിന്റെ നിക്ഷേപവും ഇന്തോനേഷ്യയില്‍ നടത്തും.
ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസമൂഹമുളള ഇന്തോനേഷ്യയിലെ മുസ്‌ലിം നേതാക്കളുമായി രാജാവ് കൂടിക്കാഴ്ച നടത്തും. മൂന്നു ദിവസം ബാലി ഐലന്റ് റിസോര്‍ട്ടില്‍ രാജാവ് ചെലവഴിക്കും. ചതുര്‍ദിന മലേഷ്യന്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് രാജാവ് ഇന്തോനേഷ്യയില്‍ എത്തിയത്. ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ജപ്പാനും ചൈനയും മാല്‍ദ്വീവ്‌സും രാജാവ് സന്ദര്‍ശിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല