സ്വന്തം ലേഖകന്‍: 25 രാജകുമാരന്മാരും പത്തു മന്ത്രിമാരും ആയിരത്തോളം അകമ്പടിക്കാരും വമ്പന്‍ ലഗേജും, അത്ഭുതമായി സൗദി രാജാവിന്റെ ഏഷ്യന്‍ പര്യടനം. സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസിന്റെ ഒരു മാസത്തെ ഏഷ്യന്‍ സന്ദര്‍ശനമാണ് വന്‍ സംഘത്തിന്റെ സാന്നിധ്യം കൊണ്ട് അത്ഭുതമാകുന്നത്. ആയിരത്തോളം രാജപരിവാരങ്ങളുമായാണ് രാജാവ് എത്തിയത്. 25 രാജകുമാരന്മാരും പത്തു മന്ത്രിമാരും രാജാവിനെ അനുഗമിക്കുന്നുണ്ട്. 506 ടണ്‍ ലഗേജുമായാണ് ഇവരുടെ യാത്രയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സന്ദര്‍ശനത്തിനായി കഴിഞ്ഞ ആഴ്ച ഇന്തൊനേഷ്യന്‍ ദ്വീപിലെത്തിയ സല്മാന് രാജാവ് ജപ്പാനും ചൈനയുമടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര നീട്ടുകയായിരുന്നു. എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ പുതിയ വിപണി ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. മലേഷ്യയില്‍ സന്ദര്‍ശനം ആരംഭിച്ച അദ്ദേഹം ബര്‍മയിലും മാലിദ്വീപിലും സന്ദര്‍ശനം നടത്തും. സൗദി രാജാവിന്റെ ഏഷ്യന്‍ സന്ദര്‍ശനം വലിയ രാഷ്ട്രീയ പ്രധാന്യത്തോടെയാണ് നിരീക്ഷകര്‍ കാണുന്നത്.
സൗദി അറേബ്യ ഏറ്റുവും കുടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്നത് ഏഷ്യയിലേക്കാണ്. ഇവിടങ്ങളില്‍ നിന്ന് എണ്ണയിതര സമ്പദ് വ്യവസ്ഥയിലേക്ക് മാറാന്‍ തയ്യാറെടുക്കുന്ന സൗദിയിലേക്ക് നിക്ഷേപം കൊണ്ടു വരുന്നതിനും സല്മാന് രാജാവിന്റെ സന്ദര്‍ശനം ലക്ഷ്യം വെക്കുന്നുണ്ട്. എണ്ണ കയറ്റുമതി, വാണിജ്യം, മാനവ വിഭവശേഷി, വിദ്യാഭ്യാസം, ഐ.ടി, സൈനിക സഹകരണം തുടങ്ങി വിവിധ മേഖലകളിലും രാജ്യങ്ങളുമായി രാജാവ് ചര്‍ച്ച നടത്തും. ഏഷ്യന്‍രാജ്യങ്ങളുമായി സാമ്പത്തിക, നിക്ഷേപ ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
നാലു ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഇപ്പോള്‍ ജപ്പാനില്‍ ആണുള്ളത്. അഞ്ചു ദശകത്തിനിടെ ആദ്യമായാണ് സൗദി ഭരണാധികാരി ജപ്പാന് സന്ദര്‍ശിക്കുന്നത്. 1971ല്‍ അന്നത്തെ സൗദി ഭരണാധികാരി ഫൈസല്‍ രാജാവായിരുന്നു ഇതിനു മുമ്പ് ജപ്പാന് സന്ദര്‍ശിച്ചത്. പരിവാരങ്ങള്‍ക്കും രാജാവിനുമായി ടോക്യോയിലെ ആഡംബര ഹോട്ടലുകളില്‍ 1200 ഓളം മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ജപ്പാനില്‍നിന്ന് അദ്ദേഹം ചൈന, മാലദ്വീപ് രാജ്യങ്ങളിലേക്കു പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല