സ്വന്തം ലേഖകൻ: വാട്സ്ആപ് വഴിയോ മറ്റേതെങ്കിലും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ വഴിയോ അന്യസ്ത്രീകള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ കുവൈത്തിലും സൗദിയിലും കനത്ത പിഴ ശിക്ഷയ്ക്കു പുറമേ ജയില്‍ശിക്ഷയും അനുഭവിക്കേണ്ടിവരും. ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്ന കുറ്റമായി കണക്കാക്കുന്നതിനാല്‍ ആരെങ്കിലും പരാതിപ്പെട്ടാല്‍ രണ്ടു രാജ്യങ്ങളിലും കനത്ത ശിക്ഷ ലഭിച്ചേക്കുമെന്ന് നിയമവിദഗ്ധരെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അയയ്ക്കുന്നയാള്‍ നിയമപ്രകാരം ശിക്ഷാര്‍ഹനാണെന്ന് കുവൈത്ത് അഭിഭാഷകന് ഹയാ അല്‍ ഷലാഹി ചൂണ്ടിക്കാട്ടി. ഈ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും 2,000 കുവൈത്ത് ദിനാറില്‍ കവിയാത്ത പിഴയും ലഭിക്കും.
സൗദി അറേബ്യയില്‍, വാട്ട്സ്ആപ്പില്‍ ‘റെഡ് ഹാര്‍ട്ട്’ ഇമോജികള്‍ അയയ്ക്കുന്നതും ജയില്‍വാസത്തിന് കാരണമാകും. സൗദി നിയമമനുസരിച്ച്, ഈ പ്രവൃത്തിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആര്‍ക്കും രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം സൗദി റിയാല്‍ പിഴയും ലഭിക്കും.
വാട്സ്ആപില് ചുവന്ന ഹൃദയങ്ങള്‍ അയയ്ക്കുന്നത് സൗദിയുടെ അധികാരപരിധിക്കുള്ളില്‍ സ്ത്രീ പീഡനത്തിന്റെ വകുപ്പിലാണ് ഉള്‍പ്പെടുന്നത്. ഓണ്‍ലൈന്‍ സംഭാഷണങ്ങളില്‍ ചില ചിത്രങ്ങളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നത് സൂക്ഷിച്ചുവേണമെന്നും എതിര്‍കക്ഷി കേസ് ഫയല്‍ ചെയ്താല്‍ പീഡന കുറ്റകൃത്യമായി മാറിയേക്കാമെന്നും സൗദി സൈബര്‍ ക്രൈം വിദഗ്ധന്‍ പറയുന്നു.
ഇതേ നിയമലംഘനം ആവര്‍ത്തിച്ച് ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍, പിഴ സംഖ്യ 300,000 സൗദി റിയാലായി ഉയര്‍ന്നേക്കാം. കൂടാതെ പരമാവധി അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാനും വ്യവസ്ഥയുണ്ട്. അന്യസ്ത്രീകള്‍ക്ക് ചിത്രങ്ങളും മെസ്സേജുകളും അയക്കുന്നത് പീഡന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നതായി സൗദി അറേബ്യയിലെ ആന്റി ഫ്രോഡ് അസോസിയേഷന് അംഗം അല്‍ മുഅത്തസ് കുത്ബി വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല