1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2017

സ്വന്തം ലേഖകന്‍: തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റത്തിന് സൗദി അനിശ്ചിത കാലത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്വദേശിവല്‍ക്കരണത്തിലെ അടുത്ത ചുവട്. ഇതോടെ പ്രവാസികള്‍ക്ക് ഇഖാമയില്‍ രേഖപ്പെടുത്തിയ അതേ ജോലിയില്‍ തന്നെ തുടരേണ്ടി വരുകയും മറ്റ് ജോലികളിലേക്ക് മാറാന്‍ സാധിക്കാതെ വരുകയും ചെയ്യും. മാത്രമല്ല, കുടുംബവിസകള്‍ സംഘടിപ്പിക്കുന്നതിനും മറ്റുമായി താല്‍ക്കാലികമായി പ്രൊഫഷന്‍ മാറിയിരുന്നവരും പ്രതിസന്ധിയിലാകും.

നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്കും പുതുതായി വിസയില്‍ എത്തുന്നവര്‍ക്കുമെല്ലാം നിരോധനം തിരിച്ചടിയാകും. സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് തൊഴിലാളികളുടെ പ്രഫഷന്‍ മാറ്റം സൗദി തൊഴില്‍ മന്ത്രാലയം അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചത്. തൊഴില്‍ മന്ത്രാലയത്തി?െന്റ ഔദ്യോഗിക മാധ്യമം വഴിയാണ് വിവരം പുറത്തുവിട്ടത്. എന്നാല്‍, സ്വദേശികള്‍ ലഭ്യമല്ലാത്ത മൂന്ന് തൊഴിലുകളിലേക്ക് പ്രഫഷന്‍ മാറുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്.

കാര്‍ഷിക ജോലിക്കാര്‍, മുക്കുവര്‍, ഇടയന്മാര്‍ എന്നീ തൊഴിലുകളിലേക്ക് പ്രഫഷന്‍ മാറുന്നതിന് വിലക്കില്ലെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍മദീന പത്രം റിപ്പോര്‍ട്ട് ചെയ്തു. സ്വദേശികള്‍ക്ക് സംവരണം ചെയ്ത തൊഴിലുകളില്‍ നിന്ന് പ്രഫഷന്‍ മാറി വിദേശികള്‍ രാജ്യത്തെ വിവിധ തൊഴിലുകളില്‍ തുടരുന്നത് സ്വദേശിവത്കരണത്തിന് തടസ്സം സൃഷ്ടിക്കുന്നു എന്നതാണ് പുതിയ നീക്കത്തിന് കാരണം. കൂടാതെ എന്‍ജിനീയറിങ് ജോലികള്‍പോലുള്ള പ്രഫഷനുകളിലേക്ക് മാറുന്നതിന് തൊഴില്‍ മന്ത്രാലയവും സൗദി എന്‍ജിനീയറിങ് കൗണ്‍സിലും കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മറ്റു വിസകളില്‍ സൗദിയിലെത്തി പ്രൊഫഷന്‍ മാറിയാണ് പലരും ജോലി ചെയ്തിരുന്നത്. ഫ്രീ വിസ എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം വിസകളില്‍ സൗദിയിലെത്തി അനുയോജ്യമായ തൊഴില്‍ കണ്ടുപിടിച്ചാണ് പ്രൊഫഷന്‍ മാറ്റിയിരുന്നത്. മറ്റു പ്രൊഫഷനുകളിലുള്ള വിസകളില്‍ സൗദിയിലെത്തുന്ന വിദേശികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് പ്രൊഫഷന്‍ മാറ്റുന്ന പതിവ് അവസാനിക്കുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുടെ ഗള്‍ഫ് സ്വപ്നങ്ങള്‍ക്കാണ് ഇരുട്ടടിയായത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.