സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശികളുടെ റിക്രൂട്ട്‌മെന്റ് കുറക്കാനുള്ള വന്‍ പദ്ധതിയുമായി തൊഴില്‍ മന്ത്രാലയം. വര്‍ദ്ധിച്ചുവരുന്ന വിസക്കച്ചവടം തടയാനും സൗദി പൗരന്മാര്‍ക്കും രാജ്യത്തിനകത്തുള്ള വിദേശികള്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണു തൊഴില്‍ മന്ത്രാലയം പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചത്.
റിക്രൂട്ട്‌മെന്റ് അപേക്ഷ, തൊഴില്‍ കരാര്‍ അവസാനിപ്പിക്കല്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സംബന്ധിച്ച അപേക്ഷ, സൗദി ഉദ്യോഗാര്‍ഥികളുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ് പോര്‍ട്ടലില്‍ ലഭ്യമാക്കും. സൗദി പൗരന്‍മാരുടെ തൊഴിലില്ലായ്മ കുറയ്ക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും വ്യാജ സൗദിവല്‍ക്കരണവും വിസാ കച്ചവടം തടയാനും തൊഴില്‍ കേസുകള്‍ കുറയ്ക്കുന്നതിനും പുതിയ പദ്ധതി സഹായകരമാകുമെന്നാണ് അധികാരികള്‍ പ്രതീക്ഷിക്കുന്നത്.
വേതനം, ആനുകൂല്യങ്ങള്‍, തൊഴില്‍ സുരക്ഷ, കര്‍ത്തവ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സൗദി പൗരന്മാര്‍ക്ക് ലഭ്യമാകുന്നതിന് ഈ പദ്ധതി ലക്ഷ്യം വക്കുന്നു. സ്വകാര്യസ്ഥാപനങ്ങളിലെ തൊഴിലവസരങ്ങള്‍ പരമാവധി സ്വദേശികള്‍ക്കു ലഭ്യമാക്കുന്നതിനാണ് ശ്രമം.
യോഗ്യരായ സൗദി തൊഴിലാളികളെ ലഭിച്ചില്ലെങ്കിലേ പകരമായി രാജ്യത്തിനകത്ത് പല കാരണങ്ങളാല്‍ തൊഴില്‍നഷ്ടമായ വിദേശികളെ കണ്ടെത്താന്‍ ശ്രമിക്കൂ. തൊഴിലവസരങ്ങള്‍ ലഭ്യമാക്കി തൊഴിലില്‍ തുടരുന്നതിന് സൗദിയിലുള്ള വിദേശികളെയും പദ്ധതി സഹായിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല